print edition ശബരിമല സ്വർണം മോഷണക്കേസ് ; അകത്തായവരെല്ലാം കോൺഗ്രസ് ‘ബന്ധു’ക്കൾ


സി കെ ദിനേശ്
Published on Nov 08, 2025, 02:05 AM | 1 min read
തിരുവനന്തപുരം
ശബരിമല ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണം മോഷണ കേസിൽ പിടിയിലായവരെല്ലാം കോൺഗ്രസുമായി അടുത്ത് ബന്ധമുള്ളവർ. കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് ചെറിയ തസ്തികകളിൽ കയറി പിന്നീട് ഉന്നത ഉദ്യോഗസ്ഥരായവരാണ് ഇവർ. സർക്കാരിനെതിരെ രാഷ്‌ട്രീയസമരവുമായി ഇറങ്ങി, സ്വന്തം ഭരണകാലത്തെ അഴിമതികളും ഇപ്പോഴത്തെ ഗൂഢാലോചനയുമാണ് മറച്ചുവയ്ക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്.
അയ്യപ്പസംഗമം പൊളിക്കാൻ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ രംഗത്തിറക്കി, ദ്വാരപാലക ശിൽപ്പപീഠം കാണുന്നില്ലെന്ന് കള്ളം പ്രചരിപ്പിച്ചത്. ഇത് പോറ്റിയുടെ സഹോദരിയുടെ വീട്ടിൽനിന്ന് വിജിലൻസ് കണ്ടെത്തിയതോടെ ഗൂഢാലോചന പുറത്തുവന്നു. കേസിലെ പ്രധാന പ്രതി ഇയാളായി. അറസ്‌റ്റിലായ മുരാരി ബാബു യുഡിഎഫ് ഭരണകാലത്ത് ബോർഡ് പ്രസിഡന്റായിരുന്ന ഭാസ്കരൻനായരുടെ ഗൺമാനായി ശബരിമലയിൽ എത്തിയതാണ്. വിവിധ തസ്തികളിലേക്ക് ഉയർത്തിയതും യുഡിഎഫാണ്.
അറസ്‌റ്റിലായ കെ എസ് ബൈജു ദേവസ്വം ജീവനക്കാരുടെ കോൺഗ്രസ് യൂണിയന്റെ നേതാവാണ്. കോൺഗ്രസ് നേതാക്കൾ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടത്തിപ്പോന്നതും ഇവർ വഴിയാണ്. ഇതെല്ലാം മറച്ച് നിലവിലുള്ള ബോർഡിനെയും മന്ത്രിയെയും വ്യാജവാർത്തയിലൂടെ പ്രതിക്കൂട്ടിൽ നിർത്താനാണ് ശ്രമം. 2024ൽ ദ്വാരപാലക ശിൽപ്പപാളികൾ പുറത്തുകൊണ്ടുപോയപ്പോൾ നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നുവെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും പൊലീസിന്റേയും അകന്പടിയിലാണ് കൊണ്ടുപോയത്.
അപാകം കോടതിയെ അറിയിക്കേണ്ട ഉത്തരവാദിത്തം തിരുവാഭരണം കമീഷണർക്കും എക്സിക്യൂട്ടീവ് ഓഫീസർക്കുമാണ്. എന്തുകൊണ്ട് സ്പെഷ്യൽ കമീഷണർ വഴി കോടതിയെ അറിയിച്ചില്ലെന്ന് ബോർഡ് ചോദിച്ചിരുന്നു. ഹൈക്കോടതിയെ അറിയിച്ചിട്ടേ ഇത്തരം വസ്തുക്കൾ പുറത്തുകൊണ്ടുപോകാവൂ എന്ന 2023 ജൂണിലെ വിധിയെക്കുറിച്ച് അറിയില്ലെന്നും വിധിപ്പകർപ്പ് കിട്ടിയില്ലെന്നുമായിരുന്നു മറുപടി. ചില നിയമകാര്യ ഉദ്യോഗസ്ഥർക്കും വീഴ്‌ച സംഭവിച്ചു. ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്‌ചകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളും ബോർഡ് സ്വീകരിച്ചു. ആക്ഷേപം ഉയർന്നഘട്ടത്തിൽതന്നെ 1998 മുതലുള്ള ഇടപാടുകളെല്ലാം അന്വേഷിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നു.









0 comments