print edition കുറ്റവാളികളോട് വിട്ടുവീഴ്‌ചയില്ല ; സർക്കാർ നിലപാട് തെളിയിച്ച് എസ്‌ഐടി അന്വേഷണം


സി കെ ദിനേശ്
Published on Nov 13, 2025, 02:00 AM | 1 min read
തിരുവനന്തപുരം
ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെടുത്തി എൽഡിഎഫിനേയും സർക്കാരിനേയും ഇകഴ്‌ത്തിക്കാണിക്കാനുള്ള പ്രതിപക്ഷ, മാധ്യമ ശ്രമങ്ങൾ വസ്തുത മറച്ചുവച്ച്. അറസ്‌റ്റിലായ മൂന്ന് ജീവനക്കാരും കോൺഗ്രസ് ഭരണകാലത്ത് നിയമിതരായവരും ജീവനക്കാരുടെ കോൺഗ്രസ് സംഘടനാ നേതാക്കളുമാണ്. അയ്യപ്പസംഗമം പൊളിക്കാൻ സ്വർണ മോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ രംഗത്തിറക്കിയത് പ്രതിപക്ഷമാണ്. ശിൽപ്പപാളിയുടെ പീഠം കാണാതായെന്ന കള്ളം 24 മണിക്കൂറും പ്രചരിപ്പിച്ചത് ഇതേ മാധ്യമങ്ങളും.
അത് പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ ഒളിപ്പിച്ചുവെന്ന് കണ്ടെത്തിയതോടെ പുറത്തുവന്നത് വൻഗൂഢാലോചന. ഒരു വാർത്താ ചാനലാണ് ആദ്യം പോറ്റിയെ രംഗത്തിറക്കിയത്. എസ്‌ഐടിയെ നിയോഗിക്കാൻ ഹൈക്കോടതി തീരുമാനിച്ചപ്പോൾ സർക്കാർ പൂർണമായി സഹകരിച്ചു. മുഴുവൻ പ്രതികളെയും നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു.
ഡൽഹിയിൽ നടത്തിയ വാർത്താേസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു, ‘പീഠം പോറ്റിയുടെ ബന്ധുവീട്ടിലേക്ക് മാറ്റിയെന്ന് കണ്ടെത്തി. ഗൂഢാലോചനയുടെ ഭാഗമായിരുന്നു എല്ലാമെന്ന് അപ്പോൾത്തന്നെ വ്യക്തമായി. ഇപ്പോൾ ഹൈക്കോടതി എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ടു. കോടതിയുടെ നിലപാടിനെ സർക്കാർ പൂർണമായും പിന്തുണച്ചു. ആരൊക്കെയാണ് കുറ്റവാളികൾ, ആർക്കെല്ലാം വീഴ്‌ചയുണ്ടായി തുടങ്ങിയവയെല്ലാം പുറത്തുവരും. ശക്തമായ നടപടിയുണ്ടാകും’ എന്ന്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എൽഡിഎഫ് നേതാക്കളും അയ്യപ്പന്റെ തരി സ്വർണം മോഷ്‌ടിച്ച ആരേയും വെറുതെ വിടരുതെന്ന നിലപാടാണ് ആവർത്തിച്ചത്.
എന്തെങ്കിലും മറയ്ക്കാനുണ്ടെങ്കിൽ, 1998 മുതലുള്ള എല്ലാകാര്യങ്ങളും അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ ആവശ്യപ്പെടുമായിരുന്നില്ല. ശിൽപ്പപാളികൾ മാത്രമല്ല കട്ടിളയടക്കം കൊണ്ടുപോയതിലും ദുരൂഹതയുണ്ടെന്ന് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത് ദേവസ്വം വിജിലൻസാണ്.
സ്വർണം പൂശിയവയും തകിട് പതിച്ചവയും ‘ചെന്പ് ’ എന്ന് എഴുതിയതിൽ പലർക്കും പങ്കുണ്ടെന്നും വിജിലൻസ് കണ്ടെത്തി. വാസുവിന്റെ റിമാൻഡ് റിപ്പോർട്ടിൽ എസ്‌ഐടി അത് വ്യക്തമാക്കി. ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടിയെ വച്ചതും.









0 comments