ഭണ്ഡാരംവച്ചും ഒരുകൈ നോക്കാം


സി കെ ദിനേശ്
Published on Oct 09, 2025, 02:03 AM | 1 min read
വിശ്വാസവും കപട വിശ്വാസവും പണ്ടുമുതൽ ചർച്ച ചെയ്യുന്നതാണെങ്കിലും സഭയിൽ ഭക്തി പുതിയ രൂപത്തിൽ വന്നത് പല അംഗങ്ങളും സുവർണാവസരമാക്കി. അങ്ങനെയാണ് മുൻപ് ശിവദാസമേനോൻ സഭയിൽവച്ച വെല്ലുവിളി വീണ്ടുംവന്നത്. ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി വിഷയം ചർച്ച ചെയ്യുന്നതിൽ ഒട്ടും താൽപ്പര്യമില്ലാത്തവരാണ് പ്രതിപക്ഷമെന്ന് കഴിഞ്ഞ മൂന്നു ദിവസമായി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഒരു നോട്ടീസ് തരൂവെന്ന് സ്പീക്കർ എ എൻ ഷംസീറും സന്ദർശക ഗാലറിയിൽ ഇരിക്കുന്ന കുട്ടികളെ കരുതിയെങ്കിലും സഭാചട്ടം പ്രകാരം പ്രവർത്തിക്കൂ എന്ന് മന്ത്രി കെ എൻ ബാലഗോപാലും പ്രതിപക്ഷത്തോട് നിരന്തരം ആവശ്യപ്പെട്ടു. വിശ്വാസമാണ് പ്രശ്‌നമെങ്കിൽ അതും നമുക്ക് നോക്കാമെന്ന് പറഞ്ഞ് എ പ്രഭാകരനാണ് ശിവദാസമേനോന്റെ പഴയ വെല്ലുവിളി എടുത്തിട്ടത്. ആരോടൊപ്പമാണ് വിശ്വാസികൾ എന്ന് പരിശോധിക്കാം. ശബരിമല മാത്രമല്ല ഗുരുവായൂരോ മറ്റേതെങ്കിലും ക്ഷേത്രത്തിലോ വേണമെങ്കിലും എൽഡിഎഫ്, യുഡിഎഫ് എന്ന് എഴുതി ഓരോ ഭണ്ഡാരം വച്ചുനോക്കാം. ആർക്കാണ് ജനപിന്തുണയെന്ന് അപ്പോൾ കാണാം എന്നും പറഞ്ഞു.
എന്നാൽ, ഇതൊന്നും കേൾക്കാനോ പ്രതികരിക്കാനോ പ്രതിപക്ഷം സഭയിലുണ്ടായില്ല. നിയമസഭയിൽ മാത്രമല്ല, ഗ്രാമസഭകളിൽപോലും രാഷ്‌ട്രീയ പാർടികളുടെ പ്രതിനിധികൾ പങ്കെടുക്കുന്നില്ലെന്നാണ് കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടെ ജി സ്‌റ്റീഫൻ പരിഭവിച്ചത്. ആയിരവും ആയിരത്തി അഞ്ഞൂറും പേർ പങ്കെടുത്തിരുന്ന ഗ്രാമസഭകളെ ഇത്തരത്തിൽ ശുഷ്കമാക്കുന്നത് ശരിയല്ല. ഇത് മാത്രമല്ല, പെരുമ്പാവൂർ ഭാഗത്തെ ചില പഞ്ചായത്തുകൾ സർക്കാർ അനുവദിച്ച ഫണ്ട് പോലും ചെലവഴിക്കുന്നില്ലെന്നും വികസന സദസുകൾ വേണ്ടെന്ന് ഔദ്യോഗികമായി തീരുമാനിക്കുന്നുവെന്നുമായിരുന്നു പി വി ശ്രീനിജന്റെ പരാതി. ഫണ്ട് ചെലവഴിക്കാത്തത് ഗുരുതര പ്രശ്നമായിത്തന്നെ കാണുമെന്ന് മറുപടിയിൽ മന്ത്രി എം ബി രാജേഷ് പറഞ്ഞു. വികസനമൊന്നും നടത്താത്തവർക്ക് അത് സംബന്ധിച്ച് ഒന്നും പറയാനില്ലല്ലോ എന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന സുപ്രധാന ബില്ലുകളുടെ ചർച്ച പ്രതിപക്ഷം തുടർച്ചയായി ബഹിഷ്കരിച്ചത് നിരുത്തരവാദിത്തമാണെന്ന അഭിപ്രായം ബുധനാഴ്‌ചയും ഉച്ചത്തിൽ മുഴങ്ങി.









0 comments