അന്വേഷണം അജയ് തറയിലിലേക്ക്
print edition സ്വർണം നൽകിയത് സുരേഷ് ഗോപിയുടെ നിർദേശപ്രകാരമെന്ന് ; കൊടിമരക്കൊള്ളയിൽ സിനിമാതാരങ്ങളുടെ മൊഴി

തിരുവനന്തപുരം
യുഡിഎഫ് ഭരണത്തിലുള്ള ദേവസ്വം ബോർഡിന്റെ ശബരിമല കൊടിമരക്കൊള്ള അന്വേഷിക്കുന്ന വിജിലൻസ് സംഘത്തിന്റെ മൊഴിയെടുക്കൽ അന്തിമഘട്ടത്തിൽ.
അന്നത്തെ ബോർഡിന്റെ നിർദേശപ്രകാരം കൊടിമരത്തിനായി സ്വർണം സംഭാവനയായി നൽകിയ 27 സിനിമാ താരങ്ങളുടെയും വ്യവസായികളുടെയും മൊഴിയെടുക്കലാണ് പുരോഗമിക്കുന്നത്. സുരേഷ് ഗോപിയുടെ നിർദേശ പ്രകാരമാണ് സ്വർണം സംഭാവനയായി നൽകിയതെന്നാണ് പലരും വിജിലൻസ് സംഘത്തിന് മൊഴി നൽകിയത്. കഴിഞ്ഞ ദിവസം നടൻ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴികളും രേഖപ്പെടുത്തിയിരുന്നു. നടൻ സുരേഷ് ഗോപി, സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‍കുമാര്‍ എന്നിവരും മൊഴി നൽകിയിട്ടുണ്ട്. ഈയാഴ്ച തന്നെ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് വിജിലൻസ് നീക്കം.
കൊടിമര പുനർനിർമാണത്തിന് എത്ര സ്വർണം ലഭിച്ചു എന്നതിൽ വിജിലൻസിന് ഇനിയും വ്യക്തത വന്നിട്ടില്ല. സ്വർണം നൽകിയവർ ഒരുമിച്ചാണ് സ്വർണം സംഭാവന ചെയ്തത്. അതിനാൽ ഒരാൾ എത്ര സ്വർണം തന്നു എന്നത് വിജിലൻസിന് കണ്ടെത്താനായിട്ടില്ല. സ്വർണം നൽകിയവരിൽ പലർക്കും അളവിനെക്കുറിച്ചും ഓർമയില്ല. തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തിൽ സ്വർണം ഉരുക്കൽ ചടങ്ങ് നടക്കുമ്പോഴും ചെറുതും വലുതുമായി നിരവധി പേർ സ്വർണം നൽകി. ഇത്തരത്തിൽ ലഭിച്ച പണത്തിനും സ്വർണത്തിനുമൊന്നും ഒരു രേഖകളുമില്ല. കൊടിമരം പുനർനിർമിക്കാൻ മുഴുവൻ പണവും ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്‌സ് ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് നൽകിയിട്ടും ബോർഡ് പ്രസിഡന്റ് പ്രായാർ ഗോപാലകൃഷ്ണന്റെയും അംഗം അജയ് തറയിലിന്റെയും നേതൃത്വത്തിൽ വ്യാപകമായി പണപ്പിരിവ് നടത്തിയെന്നാണ് വിവരം.
അന്വേഷണം അജയ് തറയിലിലേക്ക്
കേസിൽ കോൺഗ്രസ് നേതാവായ അജയ് തറയിലിനെയും ഹൈക്കോടതി നിയോഗിച്ച അന്നത്തെ അഭിഭാഷക കമീഷണർ എഎസ്‌പി കുറുപ്പിനെയും ഉടൻ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.
ഗൂഢാലോചന തെളിഞ്ഞാൽ പ്രതിചേർത്ത് അറസ്റ്റിലേക്ക് കടക്കും. അതിന് മുമ്പ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് വിജിലൻസ് സംഘം. കോടികൾ വിലയുള്ള വാജിവാഹനം തന്ത്രിക്ക് കെെമാറിയതിലും അന്വേഷണം നടക്കുകയാണ്.









0 comments