print edition ശബരിമല സ്വർണമോഷണം ; തന്ത്രിക്ക് നേരിട്ട് പങ്ക് , സാമ്പത്തിക ഇടപാടുകളും ദുരൂഹം

തിരുവനന്തപുരം
ശബരിമലയിലെ സ്വർണമോഷണക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് നേരിട്ട് പങ്കുള്ളതായി എസ്ഐടി. സ്വര്‍ണമോഷണത്തെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നെന്ന് തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിൽ കണ്ഠര് രാജീവര് സമ്മതിച്ചു. ദ്വാരപാലക ശില്‍പപാളി കേസിലും കട്ടിളപ്പാളി കേസിലും തന്ത്രിക്ക് നേരിട്ട് പങ്കുണ്ട് എന്നതിന് തെളിവും മൊഴിയും എസ്‌ഐടിക്ക് നേരത്തെ ലഭിച്ചിരുന്നു.
പഴയ കൊടിമരത്തിലെ വാജിവാഹനം കടത്തിയ കേസിലും കണ്‌ഠര് രാജീവർക്കെതിരെ നിർണായക തെളിവുകളുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി തന്ത്രിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യംചെയ്യാനും ശ്രമിക്കുന്നുണ്ട്. കണ്ഠര് രാജീവർക്ക് സ്വർണമോഷണക്കേസിലെ മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുമായി സാമ്പത്തിക ഇടപാടുകളുമുണ്ട്. പലപ്പോഴായി വൻതുകകൾ കൈപ്പറ്റിയതായാണ് വിവരം.
ഇവർ പരിചയപ്പെടുത്തിയ മറ്റ് ചിലർ വഴിയും സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ തെളിവുകൾ എസ്ഐടിക്ക് ലഭിച്ചു. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുന്നു. കേരളത്തിന് പുറത്ത് ചില ബിസിനസുകളിലും കണ്ഠര് രാജീവർക്ക് നിക്ഷേപമുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ 2004 ൽ ശബരിമലയിലെത്തിച്ചത് അന്ന് ശബരിമല തന്ത്രിയുടെ ചുമതലയുണ്ടായിരുന്ന കണ്ഠരര് രാജീവരാണ്.
മുരാരി ബാബുവിന് ജാമ്യം
ശബരിമല ദ്വാരപാലക വിഗ്രഹത്തിലെയും കട്ടിളപ്പാളിയിലെയും സ്വർണം കവർന്ന കേസുകളിൽ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് നിബന്ധനകളോടെ കോടതി ജാമ്യം അനുവദിച്ചു. വെള്ളി വൈകിട്ട് ജയിൽമോചിതനായി. 2025 ഒക്ടോബർ 22ന് അറസ്റ്റിലായ മുരാരി ബാബുവിന്റെ റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞതിനെ തുടർന്നാണ് കൊല്ലം വിജിലൻസ് കോടതി ജഡ്‌ജി ഡോ. സി എസ് മോഹിത് സോപാധിക ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപവീതമുള്ള രണ്ട് ആൾജാമ്യ വ്യവസ്ഥയിലാണ് ജാമ്യം. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, കോടതിയുടെ അനുമതി ഇല്ലാതെ കേരളം വിടരുത്, പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണം, എല്ലാ വെള്ളിയും ചൊവ്വയും പ്രത്യേക അന്വേഷക സംഘത്തിന്റെ ഓഫീസിൽ ഹാജരായി ഒപ്പിടണം, സാക്ഷികളെ ഭീഷണിപ്പെടുത്തരുത്, മാധ്യമങ്ങളുമായി ബന്ധപ്പെടരുത്, അന്വേഷണവുമായി സഹകരിക്കണം, തെളിവ് നശിപ്പിക്കരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ.
ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ദ്വാരപാലക വിഗ്രഹക്കേസിൽ ജാമ്യം ലഭിച്ചെങ്കിലും കട്ടിളപ്പാളിക്കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ തുടരുകയാണ്.
തന്ത്രി കണ്ഠര് രാജീവര്, മുൻ എക്‌സിക്യൂട്ടീവ് ഓഫിസർ ഡി സുധീഷ്‌കുമാർ എന്നിവരുടെ റിമാൻഡ് ഫെബ്രുവരി ആറുവരെ നീട്ടി. കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ 28ന് കോടതി പരിഗണിക്കും.










0 comments