print edition ശബരിമല കൊടിമരക്കൊള്ള ; അജയ് തറയിലിനെതിരെ തെളിവുകൾ ശക്തം , ഉടൻ ചോദ്യംചെയ്യും

തിരുവനന്തപുരം
യുഡിഎഫ് ബോർഡിന്റെ ശബരിമല കൊടിമരക്കൊള്ള അന്വേഷിക്കുന്ന വിജിലൻസ് സംഘം കോൺഗ്രസ് നേതാവും മുൻ ബോർഡ് അംഗവുമായ അജയ് തറയിലിനെ ഉടൻ ചോദ്യംചെയ്യും. കൃത്യമായ ആസൂത്രണത്തോടെയുള്ള തട്ടിപ്പാണ് അന്നത്തെ നേതൃത്വം നടത്തിയതെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു.
ഗൂഢാലോചന തെളിഞ്ഞാൽ പ്രതിചേർത്ത് അറസ്റ്റിലേക്ക് കടക്കും. ശബരിമലയിലെ മേൽനോട്ടത്തിന് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമീഷണർ എഎസ്‌പി കുറുപ്പിനെയും തന്ത്രി കണ്ഠര് രാജീവരെയും ചോദ്യം ചെയ്യും. അനധികൃതമായി പണം പിരിച്ചതിലും രസീതോ രേഖകളോ സൂക്ഷിക്കാത്തതിലും കുറുപ്പിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ചയുണ്ട്. കൊടിമരത്തിനായി സ്വർണം സമർപ്പിച്ച സിനിമാതാരങ്ങളുടെയും വ്യവസായ പ്രമുഖരുടെയും മൊഴിയും വിജിലൻസ് രേഖപ്പെടുത്തും. ലഭിച്ച സ്വർണത്തിന് കണക്കുകളില്ലാത്തതിനാൽ ഇക്കാര്യം കണ്ടെത്താനാണ് ശ്രമം. 27 പേരുടെ പട്ടികയാണ് നിലവിൽ തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ കൂടുതൽ പേർ പണവും സ്വർണവും നൽകിയോയെന്നും സംശയമുണ്ട്. സ്വർണം സംഭാവനയായി നൽകിയവരുടെ പേരിനുപകരം മഹസറിൽ രേഖപ്പെടുത്തിയത് ‘ഭക്തൻ’ എന്നുമാത്രമായിരുന്നു. പഴയ കൊടിമരത്തിലെ മൂന്ന് ആലിലകളിൽ ഒരെണ്ണവും നഷ്‌ടപ്പെട്ടിട്ടുണ്ട്.
കൊടിമരം നിർമിക്കാൻ മുഴുവൻ തുകയും സ്‌പോൺസർഷിപ്പിൽ ലഭിച്ചിട്ടും ബോർഡ് പ്രസിഡന്റായിരുന്ന പ്രയാർ ഗോപാലകൃഷ്‌ണനും അജയ് തറയിലും പലരിൽനിന്നും പണം പിരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.
നുണപറഞ്ഞ് രക്ഷപ്പെടാൻ ശ്രമം
പഴയ കൊടിമരത്തിലെ കമ്പികൾ ദ്രവിച്ചിരുന്നു എന്ന് അജയ് തറയിൽ ചാനലിൽ പറഞ്ഞിരുന്നു. എന്നാൽ കൊടിമരത്തിന്റെ കോൺക്രീറ്റിനോ കമ്പികൾക്കോ കുഴപ്പമില്ലെന്ന് ചിത്രങ്ങൾ വന്നതോടെ വ്യക്തമായി. കൊടിമരത്തിന് പണം പിരിച്ചിട്ടില്ലെന്ന് അജയ് തറയിൽ ആവർത്തിച്ചതും രേഖകൾ പുറത്തുവന്നതോടെ നുണയാണെന്ന് വ്യക്തമായി.










0 comments