സ്വർണമോഷണത്തിന് ദേവപ്രശ്നവും മറയാക്കിയോയെന്ന് സംശയം
print edition തന്ത്രിയുടെ രണ്ടരക്കോടി ; ഉറവിടം തേടി എസ്ഐടി

തിരുവനന്തപുരം/പത്തനംതിട്ട
ശബരിമല സ്വർണമോഷണക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് നേരിട്ട് ബന്ധമുണ്ടെന്നതിനും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നതിനും കൂടുതൽ തെളിവുകൾ എസ്ഐടിക്ക്. തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ഠര് രാജീവരെ വീണ്ടും ചോദ്യംചെയ്യും. സ്വര്‍ണമോഷണം നടത്തുന്നതിന് ദേവപ്രശ്നം മറയാക്കിയെന്നും തന്ത്രിയെന്ന പദവി ഉപയോഗിച്ച് കൂടുതൽ തട്ടിപ്പ് നടത്താൻ പദ്ധതിയിട്ടെന്നും വിവരമുണ്ട്.
കണ്‌ഠര് രാജീവര് തിരുവല്ലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ രണ്ടരക്കോടി രൂപ നിക്ഷേപിച്ചതിന്റെ വിവരങ്ങളും അന്വേഷക സംഘത്തിന് ലഭിച്ചു. സ്വർണപ്പണയ വായ്‌പ നൽകുകയും ഇരട്ടിപ്പലിശ വാഗ്‌ദാനം ചെയ്‌ത് നിക്ഷേപം സ്വീകരിക്കുകയും ചെയ്യുന്ന സ്ഥാപനം പൂട്ടിയിട്ട് വർഷങ്ങളായി. സ്ഥാപനത്തിനെതിരെ വിജിലൻസ്, ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നു. നിക്ഷേപിച്ച വലിയ തുക നഷ്‌ടമായിട്ടും തന്ത്രി പരാതി നൽകാൻ തയ്യാറാകാത്തതാണ് എസ്‌ഐടിയുടെ സംശയം ബലപ്പെടുത്തിയത്.
തന്ത്രിയെ കസ്റ്റഡിയിൽ ചോദ്യംചെയ്‌തപ്പോൾ ദുരൂഹ പണമിടപാട് സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചു. രണ്ടരക്കോടി നഷ്‌ടമായ വിവരം മറച്ചുവച്ചാണ് ചോദ്യംചെയ്യലിൽ തന്ത്രി ആദ്യം മൊഴിനൽകിയത്. ബാങ്ക് അക്കൗണ്ടുകളും മറ്റും നേരത്തെ പരിശോധിച്ച എസ്‌ഐടി, ഇതിന്റെ രേഖകൾ ഹാജരാക്കിയതോടെ രണ്ടരക്കോടി രൂപ സ്വകാര്യബാങ്കിൽ നിക്ഷേപിച്ചെന്നും ബാങ്ക് പൊളിഞ്ഞെന്നും മൊഴിനൽകി. പ്രളയകാലത്ത് കുറച്ചുപണം നഷ്‌ടമായെന്നും വെളിപ്പെടുത്തി. എസ്‌ഐടി ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.
പണമിടപാട് സ്ഥാപനം പല പ്രമുഖരിൽനിന്ന് കോടികളാണ് നിക്ഷേപമായി സ്വീകരിച്ചത്. തന്ത്രി നിക്ഷേപിച്ച പണത്തിന്റെ സ്രോതസ് കണ്ടെത്തുകയാണ് പ്രധാനലക്ഷ്യം. ഏതെങ്കിലും തരത്തിൽ വഴിവിട്ടസഹായം നൽകിയതിന്റെ പ്രതിഫലമാണോ ഇതെന്നും എസ്‌ഐടി അന്വേഷിക്കുന്നു. കണ്ഠര് രാജീവർക്ക് സ്വർണമോഷണക്കേസിലെ മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്‌ണൻ പോറ്റി, സ്‌മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുമായി സാമ്പത്തിക ഇടപാടുകളുമുണ്ട്. നിലവിൽ ഒരുദിവസം മാത്രമാണ് തന്ത്രിയെ കസ്റ്റഡിയിൽ ചോദ്യംചെയ്‌തത്. കോടികളുടെ പണമിടപാട് വിവരങ്ങൾ ലഭ്യമായതോടെ തന്ത്രിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനൊരുങ്ങുകയാണ് എസ്‌ഐടി.
ശബരിമല സ്വര്‍ണമോഷണത്തിന് ദേവപ്രശ്നം മറയാക്കി കൂടുതൽ തട്ടിപ്പ് നടത്താനും പദ്ധതിയിട്ടിരുന്നതായി സംശയമുണ്ട്. വ്യക്തതയ്‌ക്കായി കൂടുതൽപേരുടെ മൊഴിയെടുക്കും. ശ്രീകോവിന്റെ വാതിലിനും കട്ടിളപ്പാളിക്കും വൈകല്യമുണ്ടെന്നാണ് ദേവപ്രശ്നത്തിൽ പറയുന്നത്. ദേവപ്രശ്നം നടന്ന് മാസങ്ങൾക്ക് ശേഷമാണ് ശബരിമലയിൽ സ്വർണമോഷണം ആരംഭിച്ചതെന്നാണ് സംശയം. പ്രതികളുടെ മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ട് എസ്‌ഐടിക്ക് ഇഡി കത്തയച്ചിട്ടുണ്ട്. ഇതില്‍ നിയമോപദേശം തേടിയശേഷമേ തീരുമാനമെടുക്കൂ.










0 comments