ad
Deshabhimani

സ്വർണമോഷണം സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാഫലം

print edition കൊടിമരം മാറ്റലും പണപ്പിരിവും ; അന്വേഷണത്തിന്
 ഹൈക്കോടതി അനുമതി തേടും

Vaji vahanam
വെബ് ഡെസ്ക്

Published on Jan 19, 2026, 01:07 AM | 2 min read


തിരുവനന്തപുരം

യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ശബരിമലയിലെ കൊടിമരം മാറ്റിസ്ഥാപിച്ചതും ഇതിന്റെ പേരിൽ അനധികൃതമായി പണപ്പിരിവ്‌ നടത്തിയതും സംബന്ധിച്ച തെളിവുകൾ എസ്ഐടി തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും. ഹൈക്കോടതിയുടെകൂടി നിർദേശപ്രകാരമാകും കേസിൽ തുടരന്വേഷണം.


2017ൽ ശബരിമലയിൽ പുതിയ കൊടിമരം നിർമിക്കാൻ സ്പോൺസർഷിപ്പിലൂടെ 3.20 കോടിരൂപ ലഭിച്ചിട്ടും അന്നത്തെ ബോർഡ് രണ്ടരക്കോടിയിലേറെ രൂപ പിരിച്ചതായാണ് എസ്ഐടിക്ക് ലഭിച്ച വിവരം. ഈ പണം പങ്കുവച്ചതായാണ് സംശയിക്കുന്നത്. അന്നത്തെ ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണന്റെയും ബോർഡംഗം അജയ് തറയിലിന്റെയും നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായാണ് സൂചന. കൊടിമരം നിർമിക്കാൻ 3.20 കോടിരൂപ സ്പോൺസർ ചെയ്തത് ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്സ് ഗ്രൂപ്പാണ്. ഇവർ 2016 ഡിസംബർ 23ന് 50 ലക്ഷം, 2017 മാർച്ചിൽ മൂന്നിന്‌ ഒരുകോടി, മാർച്ച് 10ന് ഒരുകോടി, മാർച്ച് 15ന് 70 ലക്ഷം എന്നിങ്ങനെ പലഘട്ടമായി പണം നൽകി.


ഇത് മറച്ചുവച്ചാണ് പലരിൽനിന്നായി സ്പോൺസർഷിപ്പ് എന്നപേരിൽ രണ്ടരക്കോടിയോളം പിന്നെയും പിരിച്ചത്. 2012ലെ ദേവസ്വം കമീഷണറുടെ ഉത്തരവ് മറികടന്ന് പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രി കണ്‌ഠര്‌ രാജീവർക്ക് നൽകിയതും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് നിഗമനം. വാജി വാഹനം തന്ത്രിക്ക് കൈമാറുന്നത് സംബന്ധിച്ച് ഹൈക്കോടതിയുടെ അനുമതി തേടിയിട്ടില്ല. എന്നാൽ, പാരമ്പര്യവും ആചാരവും അനുസരിച്ച് വാജിവാഹനം തന്ത്രിക്ക് കൈമാറിയെന്നാണ്‌ അഡ്വക്കറ്റ് കമീഷണർ ആയിരുന്ന എ എസ്‌ പി കുറുപ്പ് രേഖാമൂലം ഹൈക്കോടതിയെ അറിയിച്ചത്‌.


കോടികൾ മൂല്യമുള്ള വാജിവാഹനം ദേവസ്വം സ്വത്തായിതന്നെ നിലനിർത്തണമെന്ന ദേവസ്വം ഉത്തരവ് ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ വാജി വാഹനം കോടികൾ മൂല്യമുള്ള പുരാവസ്തു കൂടിയാണ്‌. വിഗ്രഹ സ്വഭാവമുള്ള ഉരുപ്പടിക്ക് നാശംവന്നാൽ പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണ്. സ്വർണമോഷണക്കേസിൽ അന്വേഷണം തുടങ്ങിയപ്പോൾ വാജിവാഹനം ബോർഡിന് കൈമാറാൻ തയ്യാറാണെന്ന് കണ്‌ഠര്‌ രാജീവർ പറഞ്ഞതിൽ ദൂരൂഹതയുണ്ട്‌.


എസ്ഐടിയാണ് രാജീവരുടെ വീട്ടിൽനിന്ന് വാജിവാഹനം പിടിച്ചെടുത്തത്. ഇതിന്റെ അവകാശം തെളിയിക്കുന്ന ഒരു രേഖയും തന്ത്രിക്ക് ഹാജരാക്കാനുമായില്ല. ശബരിമല ദ്വാരപാലക ശിൽപ്പപാളി സ്വര്‍ണ മോഷണക്കേസിൽ ഫെബ്രുവരി മൂന്നിനുമുന്പ്‌ പ്രാഥമിക കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്‌ഐടി നീക്കം. ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനാണിത്.


സ്വർണമോഷണം സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാഫലം

ശബരിമലയിൽ സ്വർണമോഷണം നടന്നതായി സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധനാ ഫലം. തിരുവനന്തപുരത്തെ വിഎസ്എസ്‍സി ലാബിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വ‌‌ർണംപൂശിക്കൊണ്ടുവന്ന കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പപാളി എന്നിവയിൽ സ്വർണം കുറവാണെന്ന് റിപ്പോർട്ടിലുണ്ട്. നിർണായക പരിശോധനാഫലവും പ്രത്യേക അന്വേഷകസംഘത്തിന്റെ വിശദമായ റിപ്പോർട്ടും തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും. 1998ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞ മറ്റ്‌ പാളികളും, പോറ്റി സ്വർണം പൂശി തിരികെയെത്തിച്ച പാളികളും താരതമ്യ പരിശോധന നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പാളികൾ അപ്പാടെ മാറ്റി പുതിയത് സ്ഥാപിച്ചിട്ടില്ലെന്നാണ് വിവരം. ഹൈക്കോടതിയുടെ നിർദേശമുള്ളതിനാൽ എസ്ഐടി പരിശോധനാ ഫലത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടാതെ സൂക്ഷിച്ചിരിക്കുകയാണ്. നിലവിലുള്ള പഴയ സ്വർണ്ണപ്പാളികൾ ഇളക്കി മാറ്റാതെ അവയുടെ ഘടനയും ഭാരവും കൃത്യമായി കണ്ടെത്താൻ സാധിക്കുന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു വിഎസ്എസ്‍സിയുടെ പരിശോധന. പാളികളുടെ ഭാരത്തിലും സ്വർണത്തിന്റെ അളവിലും വലിയ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. 15 സാമ്പിളുകളാണ് പരിശോധിച്ചത്. വെള്ളിയാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ശനിയാഴ്ചയാണ് എസ്ഐടിക്ക് കൈമാറിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home