ad
Deshabhimani

print edition ശബരിമലയിലേക്ക്‌ നെയ്യ്‌ വാങ്ങിയ നടപടി: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹെെക്കോടതി

kerala highcourt new 1
വെബ് ഡെസ്ക്

Published on Aug 04, 2026, 01:30 AM | 2 min read

കൊച്ചി: ശബരിമലയിൽ കഴിഞ്ഞ സീസണിൽ അരവണ നിർമാണത്തിന്‌ മിൽമയിൽനിന്ന് നെയ്യ്‌ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ഇതിനായി പ്രത്യേക അന്വേഷകസംഘം (എസ്ഐടി) രൂപീകരിച്ച് 10 ദിവസത്തിനകം അറിയിക്കാനും ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ദേവസ്വംബെഞ്ച് വിജിലൻസ് ഡയറക്ടർക്ക്‌ നിർദേശം നൽകി.


മിൽമയിൽനിന്ന് വാങ്ങിയ നെയ്യിൽ ഒരുഭാഗം വഴിമധ്യേ മറിച്ചുവിറ്റെന്നും പകരം മായം ചേർത്ത നെയ്യ്‌ എത്തിച്ചെന്നുമാണ് ആരോപണം. ശബരിമല സ്പെഷ്യൽ കമീഷണർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ പ്രാഥമിക അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മിൽമയിൽനിന്ന് കൂടിയ വിലയ്ക്ക് നെയ്യ്‌ വാങ്ങിയ വകയിൽ ബോർഡിന് 2.28 കോടി രൂപ നഷ്ടമുണ്ടായെന്നാണ്‌ കണ്ടെത്തൽ.


20,000 യൂണിറ്റ് അരവണയുണ്ടാക്കാനായി മിൽമയിൽനിന്ന് 1.65 ലക്ഷം ലിറ്റർ നെയ്യ്‌ വാങ്ങാനായിരുന്നു കരാർ. എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന അന്തരിച്ച മുരാരിബാബുവിന്റെ രണ്ട്‌ കത്തുകളുടെ അടിസ്ഥാനത്തിലാണിത്. ലിറ്ററിന് 369 രൂപ ക്വാട്ട് ചെയ്യുകയും ഗുണനിലവാര പരിശോധന പാസ്സാകുകയും ചെയ്ത തമിഴ്നാട്ടിലെ ഡെയ്‌റിയെ തഴഞ്ഞാണ് 510 രൂപ നിരക്കിൽ മിൽമയെ കരാർ ഏൽപ്പിച്ചത്‌. ഒരു യൂണിറ്റ് അരവണയ്ക്ക് 10 ലിറ്റർ നെയ്യ്‌ എന്നത് മിൽമ നെയ്യ്‌ ഉപയോഗിക്കുമ്പോൾ ഏഴു ലിറ്റർ മതിയെന്നാണ് എക്സിക്യൂട്ടീവ് ഓഫീസർ അവകാശപ്പെട്ടത്‌. മിൽമയിൽനിന്ന്‌ വാങ്ങിയ മുഴുവൻ നെയ്യും ശബരിമലയിൽ എത്തിയോ എന്നും ദേവസ്വം വിജിലൻസ്‌ സംശയിക്കുന്നു.



വീഴ്‌ച ഉണ്ടായിട്ടില്ലെന്ന്‌ മിൽമ


തിരുവനന്തപുരം: ശബരിമലയിലേക്ക്‌ വിതരണം ചെയ്‌തത്‌ ഗുണനിലവാരം ഉറപ്പാക്കിയ നെയ്യാണെന്നും വീഴ്‌ചയുണ്ടായിട്ടില്ലെന്നും മിൽമ ചെയർമാൻ കെ എസ് മണി. മിൽമയിലും എഫ്‌എസ്‌എസ്‌എഐയുടെ സംസ്ഥാന ലാബിലും ഗുണനിലവാര പരിശോധന പൂർത്തിയാക്കിയിരുന്നു. ശബരിമല ഗോഡൗണിൽ നെയ്യ്‌ സ്വീകരിച്ച്‌ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയാണ്‌ സന്നിധാനത്തേക്ക് അയച്ചത്‌. ഗുണനിലവാരമില്ലെന്ന്‌ മിൽമയെ ദേവസ്വം ബോർഡ് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം സർക്കാരിന്‌ നല്‍കിയ റിപ്പോര്‍ട്ടിലെ പരാമർശങ്ങളെക്കുറിച്ച്‌ അറിയില്ല. ഡെയ്‌റിയിൽനിന്ന് പാക്ക്‌ചെയ്ത്‌ സീൽചെയ്ത ടിന്നുകളിൽ കൃത്രിമം കാണിക്കാനാകില്ല. വ്യാജടിന്നുകൾ നിർമിച്ച്‌ തട്ടിപ്പ്‌ നടത്തിയോ എന്ന്‌ വിജിലൻസ്‌, ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിൽ വ്യക്തമാകും. ഏത്‌ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. മിൽമയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചെന്ന വാർത്ത ശരിയല്ല. ഭക്തരിൽനിന്ന്‌ ലഭിക്കുന്ന നെയ്യ് ദൈനംദിന ആവശ്യത്തിന്‌ പര്യാപ്‌തമാണെന്നും പുറത്തുനിന്ന് വാങ്ങേണ്ടതില്ലെന്നുമുള്ള ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രതികരണത്തെ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മിൽമ എംഡി ആസിഫ്‌ കെ യൂസഫും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home