ശിൽപ്പപാളിയിലെ ‘സർക്കാർവിരുദ്ധ പുകമറ’ ; ഗൂഢാലോചനയ്‌ക്ക് പിന്നിൽ പ്രതിപക്ഷ നേതാവിന്റെ കൂട്ടാളിയും

ആർ രാജേഷ്
Published on Oct 10, 2025, 02:58 AM | 2 min read
പത്തനംതിട്ട
ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി വിഷയം സർക്കാരിനെതിരെ തിരിക്കാനുള്ള ഗൂഢാലോചനയ്‌ക്ക് പിന്നിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അനൗദ്യോഗിക സ്‌റ്റാഫംഗമായ മുൻ ദേവസ്വം ഉദ്യോഗസ്ഥനും. ഗുരുതര സാമ്പത്തിക ക്രമക്കേടിന് അച്ചടക്ക നടപടി നേരിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ വാര്യരുടെ നേതൃത്വത്തിലാണ് ഒരുവിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച് സർക്കാരിനെ ലക്ഷ്യമിട്ടുള്ള കള്ളപ്രചാരവേല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്‌സണൽ സ്‌റ്റാഫിലുണ്ടായിരുന്നു ഇയാൾ.
ദേവസ്വം, ശബരിമല അടക്കമുള്ള വിഷയങ്ങളിൽ കോൺഗ്രസ് അനുകൂല സംഘടന പ്രവർത്തകരെ ഉപയോഗിച്ച് സർക്കാരിനെതിരെ പൊടിപ്പും തൊങ്ങലുംവച്ച് മാധ്യമങ്ങൾക്ക് വാർത്ത കൈമാറുന്നതായാണ് വിവരം. പ്രതിപക്ഷ നേതാവിന്റെ മറ്റൊരു സ്‌റ്റാഫ് അംഗമായ പഴയ ചാനൽ പ്രവർത്തകനാണ് ഇടനിലക്കാരൻ.
ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്‌ടമായതോടെ ശശി തരൂർ എംപിയുടെ പേഴ്സണൽ സ്‌റ്റാഫിൽ കയറികൂടിയ കൃഷ്ണകുമാർ വാര്യർ ഇവിടെനിന്നാണ് വി ഡി സതീശന്റെ ഓഫീസിൽ എത്തുന്നത്. വിരമിച്ചതിനാൽ അനൗദ്യോഗിക സ്‌റ്റാഫാക്കി നിലനിർത്തുകയായിരുന്നു. കഴിഞ്ഞ രണ്ടുതവണയും ശബരിമല ദർശനത്തിന് വി ഡി സതീശനെത്തിയത് കൃഷ്‌ണകുമാർ വാര്യർക്കൊപ്പമാണ്. താൻ കെപിസിസി അംഗമാണെന്നും ഇയാൾ പറയുന്നുണ്ട്.
തട്ടിപ്പ് ഏറ്റുമാനൂരിലും തിരുവല്ലത്തും
തിരുവല്ലം, ഏറ്റുമാനൂർ ദേവസ്വങ്ങളിലായിരുന്നു കൃഷ്‌ണകുമാർ വാര്യർ ഉൾപ്പെട്ട പ്രധാന സാമ്പത്തിക തട്ടിപ്പ്. ഏറ്റുമാനൂരിൽ ദേവസ്വം ഡെപ്യൂട്ടി കമീഷണറായിരിക്കെ പലയിനത്തിൽ തട്ടിയെടുത്ത 12 ലക്ഷം രൂപ പിടിക്കപ്പെട്ടതോടെ തിരിച്ചടയ്‌ക്കുകയായിരുന്നു. പിന്നെ തിരികെ വരുന്നത് അന്പലപ്പുഴ ദേവസ്വം അസി. കമീഷണറായിട്ടാണ്. ഒരുവർഷത്തിനുശേഷം തിരുവല്ലം ദേവസ്വത്തിൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസറായി. അവിടെ ഏഴുലക്ഷം രൂപയുടെ ബാധ്യതയാണുണ്ടാക്കിയത്. ചില വിവാദ സ്വാമിമാരെ ശബരിമലയിൽ എത്തിക്കുന്നതും ഇയാളാണ്.
തട്ടിപ്പുകാരെ ചേർത്തിരുത്തി കെപിസിസി ‘വിശ്വാസ സംഗമം’
കെപിസിസി പത്തനംതിട്ടയിൽ സംഘടിപ്പിച്ച വിശ്വാസസംഗമത്തിൽ പങ്കെടുത്തവരിൽ ശബരിമലയിൽ തട്ടിപ്പിന് നേതൃത്വം നൽകിയ കോൺഗ്രസ് നേതാക്കളും. വ്യാജരേഖ ചമച്ച് യാത്രാപ്പടി തട്ടിയ കേസിലെ ആരോപണ വിധേയനായ നേതാവും പാത്രം അഴിമതിയിലടക്കം കോടികൾ തട്ടിയ ദേവസ്വം മുൻ സെക്രട്ടറിയുടെ സഹോദരനായ മുൻ ദേവസ്വം മന്ത്രിയും സംഗമത്തിലെ പ്രധാനികളായിരുന്നു. ഇരുവരെയും പേരുപറഞ്ഞപ്പോൾത്തന്നെ സംഗമത്തിനെത്തിയ കോൺഗ്രസുകാർക്ക് ചിരിയായി. 2016 ആഗസ്‌ത് 16നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിലാദ്യമായി വ്യാജരേഖ ചമച്ച് ലക്ഷക്കണക്കിന് രൂപ യാത്രാപ്പടി ഇനത്തിൽ തട്ടിയ സംഭവമുണ്ടായത്. കോൺഗ്രസ് നേതാവായ ബോർഡ് പ്രസിഡന്റും അംഗവും ചേർന്ന് 24 ലക്ഷം രൂപയാണ് തട്ടിയത്.
ശബരിമലയിൽ പാത്രക്കൊള്ളനടത്തി കോടികൾ വെട്ടിയ ദേവസ്വം സെക്രട്ടറിയായിരുന്ന വി എസ് ജയകുമാറിന് സഹോദരനായ മുൻമന്ത്രി വഴിവിട്ട സഹായം നൽകിയെന്നും തെളിഞ്ഞിരുന്നു. ദേവസ്വം സെക്രട്ടറിയുടെ കാലാവധി സാധാരണ ഒരുവർഷമായിരുന്നുവെങ്കിൽ ജയകുമാറിന് ഒരുവർഷംകൂടി നീട്ടിനൽകിയായിരുന്നു അഴിമതി. സർവീസിൽനിന്ന് പിരിഞ്ഞ ഇദ്ദേഹത്തിന് കേസുമൂലം പെൻഷൻ വാങ്ങാൻ കഴിഞ്ഞിട്ടില്ല.
കടുവയല്ല പുലിയാണത്
കെപിസിസി വിശ്വാസസംഗമവേദിയുടെ പിന്നിൽ കടുവയുടെ പുറത്തുവരുന്ന അയ്യപ്പന്റെ ചിത്രമാണ് പ്രദർശിപ്പിച്ചത്. പുലിയുടെ പുറത്ത് അയ്യപ്പൻ സഞ്ചരിച്ചെന്നാണ് ഐതീഹ്യം. ഇതുപോലുമറിയാത്ത കോൺഗ്രസാണോ വിശ്വാസ സംഗമം നടത്തുന്നതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.









0 comments