ad
Deshabhimani

print edition ശബരിമല വിമാനത്താവളം: സർക്കാരിന്റെ അപ്പീൽ 15ന്‌ പരിഗണിക്കും

Highcourt
വെബ് ഡെസ്ക്

Published on Jul 02, 2026, 12:00 AM | 1 min read

കോട്ടയം: ശബരിമല ഗ്രീൻഫീൽഡ്‌ വിമാനത്താവളത്തിന്‌ ഭൂമി ഏറ്റെടുത്തുള്ള വിജ്ഞാപനം റദ്ദുചെയ്‌ത ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച്‌ 15ന്‌ പരിഗണിക്കും. 2,570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനമാണ്‌ ഹൈക്കോടതി കഴിഞ്ഞവർഷം ഡിസംബറിൽ റദ്ദാക്കിയത്‌.


ഇത്രയധികം ഭൂമിയുടെ ആവശ്യമെന്തെന്ന്‌ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നില്ല എന്നതായിരുന്നു കാരണം. ഇതിനെതിരെ എൽഡിഎഫ്‌ സർക്കാർ നൽകിയ അപ്പീലാണ്‌ ഇപ്പോൾ പരിഗണിക്കുന്നത്‌.

ട‍ൗൺഷിപ്പോടുകൂടിയ വിമാനത്താവളമാണ്‌ സർക്കാർ വിഭാവനം ചെയ്‌തത്‌.


ഇതിന്‌ കൂടുതൽ ഭൂമി വേണ്ടതിനാലാണ്‌ എരുമേലി, മണിമല വില്ലേജുകളിലായി 2,570 ഏക്കർ ഏറ്റെടുക്കാൻ തീരുമാനിച്ചത്‌. വിമാനത്താവളം നിർമിക്കാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമസ്ഥത അവകാശപ്പെട്ട്‌ സംസ്ഥാന സർക്കാർ കൊടുത്ത കേസ്‌ പാലാ സബ്‌ കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകിയിട്ടുണ്ട്‌. അയന ചാരിറ്റബിൾ ട്രസ്‌റ്റിന്റെ കൈവശമുള്ള 2,500 ഏക്കർ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കേസാണ്‌ ഹൈക്കോടതിയിൽ എത്തിയത്‌.


വിമാനത്താവളം നിർമാണത്തിനു മുന്നോടിയായി പാരിസ്ഥിത, സാമൂഹികാഘാത പഠനങ്ങൾ പൂർത്തിയായിരുന്നു. കേന്ദ്ര പരിസ്ഥിതി വകുപ്പിനു നൽകിയ റിപ്പോർട്ടിന്‌ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. വിമാനത്താവളത്തിന്‌ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിട്ടില്ല. ഭൂമിയുമായ ബന്ധപ്പെട്ട്‌ കേസുകളുള്ളതിനാലാണ്‌ അനുമതി വൈകുന്നതെന്നാണ്‌ സൂചന.


എന്നാൽ അയനയുമായുള്ള അവകാശത്തർക്കം വിമാനത്താവളം നിർമാണത്തെ ബാധിക്കില്ല. ഭൂമി ഏറ്റെടുക്കൽ ചട്ടം പ്രകാരം വികസനപ്രവർത്തനത്തിനായി ഏത്‌ ഭൂമിയും സർക്കാരിന്‌ ഏറ്റെടുക്കാം. ഭൂമിയുടെ തുക കോടതിയിൽ കെട്ടിവച്ചാൽ നിർമാണ പ്രവർത്തനം തുടരാം. ഭൂമിയുടെ ഉടമസ്ഥത ട്രസ്‌റ്റിനുതന്നെയാണെന്ന്‌ അന്തിമവിധി വന്നാൽ, കെട്ടിവച്ച പണം അവർക്ക്‌ കൈമാറണം.


2031ൽ വിമാനത്താവളം പൂർത്തിയാക്കാനുള്ള നടപടികളുമായി എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ്‌ ഭരണം മാറിയത്‌. പുതിയ യുഡിഎഫ്‌ സർക്കാരിന്റെ ബജറ്റിൽ വിമാനത്താവളം സംബന്ധിച്ച്‌ പ്രഖ്യാപനമൊന്നുമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home