മകരവിളക്ക് ; ആൾക്കൂട്ട നിയന്ത്രണം ഉറപ്പാക്കണമെന്ന് ഹെെക്കോടതി

കൊച്ചി
മകരവിളക്കിന് ശബരിമലയിൽ സുഗമമായ തീർഥാടനവും ആൾക്കൂട്ട നിയന്ത്രണവും ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പത്തനംതിട്ട, ഇടുക്കി കലക്ടർമാർ, ജില്ലാ പൊലീസ് മേധാവിമാർ, വനം അധികൃതർ, ശബരിമല ചീഫ് പൊലീസ് കോ–-ഓർഡിനേറ്റർ എന്നിവർക്കാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത്കുമാറും ഉൾപ്പെട്ട ദേവസ്വംബെഞ്ച് നിർദേശം നൽകിയത്. മുന്നൊരുക്കം സംബന്ധിച്ച റിപ്പോർട്ടുകൾ തിങ്കളാഴ്ച പരിഗണിക്കും.
പരമ്പരാഗത പാതയായ പെരിയ പാതയിലൂടെ കാൽനടയായി എത്തുന്ന തീർഥാടകർക്ക് വനംവകുപ്പ് സ്പെഷ്യൽ പാസ് (ഫെസിലിറ്റേഷൻ കാർഡ്) നൽകുന്നത് നിർത്തിവച്ചതായി സർക്കാർ അറിയിച്ചു. എരുമേലിയിൽനിന്ന് നൽകേണ്ട പാസുകൾ മുക്കുഴിയിൽവച്ച് നൽകിയത് പ്രശ്നങ്ങൾ സൃഷ്ടിച്ചതായി ശബരിമല സ്പെഷ്യൽ കമീഷണർ കോടതിയെ അറിയിച്ചു. വാഹനത്തിലെത്തിയ തീർഥാടകരും പാസ് സംഘടിപ്പിച്ചു. പാസ് തരപ്പെടുത്തി നൽകാൻ ചില ഏജന്റുമാർ ശ്രമിച്ചതായി സംശയമുണ്ടെന്നും സ്പെഷ്യൽ കമീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കി. ഏതു സാഹചര്യവും ദുരുപയോഗം ചെയ്യാവുന്ന സാഹചര്യമുണ്ടെന്ന് ഹെെക്കോടതി മുന്നറിയിപ്പ് നൽകി.









0 comments