ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി ; ആർഎസ്‌എസ് അജൻഡയ്ക്കൊപ്പം കോൺഗ്രസ്

തിരുവനന്തപുരം
ശബരിമല ദ്വാരപാലക ശിൽപ്പ പാളി വിവാദത്തിൽ പ്രതിസ്ഥാനത്തുള്ള ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ഉന്നത ബിജെപി കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമെന്ന് വിവരം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിനു തൊട്ടുമുന്പാണ് വ്യാജ ആരോപണവുമായി ഉണ്ണിക്കൃഷ്‌ണൻ പോറ്റി രംഗത്തുവന്നത്. ഇൗ ആരോപണം ഉടൻ ഏറ്റുപിടിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ വിഷയമാക്കുകയും ചെയ്‌തു.
എന്നാൽ, ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ തട്ടിപ്പിന്റെ കൂടുതൽ വിവരം പുറത്തുവന്നതിനു പിന്നാലെ വിഷയത്തിൽ കോൺഗ്രസിലെ ഭിന്നതയും പുറത്തുവന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് യുഡിഎഫ് കൺവീനറും പ്രതിപക്ഷ നേതാവും ആദ്യം രംഗത്തെത്തിയത്. എന്നാൽ, വെള്ളിയാഴ്‌ച പ്രതികരിച്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണമാണ് ആവശ്യപ്പെട്ടത്.
ബിജെപിയുടെയും ആർഎസ്‌എസിന്റെയും താൽപ്പര്യത്തിന് പ്രതിപക്ഷ നേതാവ് കൂട്ടുനിൽക്കുന്നതായി കോൺഗ്രസിനുള്ളിൽ നേരത്തെ വിമർശമുണ്ട്. ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തിനായി ദുരുപയോഗിക്കുക എന്നതാണ് ബിജെപിയുടെ എക്കാലത്തെയും നയം. അതിനായി സിബിഐ അടക്കമുള്ള ഏജൻസികളെ ഉപയോഗിക്കുകയാണ് ബിജെപിയുടെ തന്ത്രം. ആ തന്ത്രത്തിന് പ്രതിപക്ഷ നേതാവ് കൂട്ടുനിൽക്കുന്നത് അപകടകരമാണെന്ന അഭിപ്രായം കോൺഗ്രസിൽ ശക്തമാണ്. അതുകൊണ്ടാണ് സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങളിൽ വലിയ പ്രതികരണം നടത്താത്ത കെ സി വേണുഗോപാൽതന്നെ വെള്ളിയാഴ്‌ച രംഗത്തുവന്നത്.
ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിലൂടെ മാത്രമേ വസ്‌തുത പുറത്തുവരൂ എന്നാണ് വേണുഗോപാൽ പറഞ്ഞത്. വെള്ളിയാഴ്‌ച മാധ്യമങ്ങളെ കണ്ട രമേശ് ചെന്നിത്തലയും ഇതേ ആവശ്യമാണ് ഉന്നയിച്ചതെന്നതും ശ്രദ്ധേയം.








0 comments