ശബരി പാത ; റെയിൽവേയുടെ കത്തിനുമുമ്പേ നടപടിയുമായി സംസ്ഥാനം

തിരുവനന്തപുരം
അങ്കമാലി-എരുമേലി ശബരിപാതയ്‌ക്ക് ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് കത്ത് നൽകുംമുമ്പേ നടപടിയാരംഭിച്ച് സംസ്ഥാനസർക്കാർ. പാതയ്‌ക്ക് 391.6 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി ജൂൺ ആദ്യവാരം റെയിൽവേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി വി അബ്ദുറഹിമാൻ എറണാകുളം, ഇടുക്കി, കോട്ടയം കലക്ടർമാരുടെ യോഗവും ചേർന്നിരുന്നു. ജില്ലകളിൽ നിര്‍ത്തിവച്ച ലാൻഡ് അക്വിസിഷന്‍ ഓഫീസ് പുനരാരംഭിക്കാനും പുതുക്കിയ അലൈന്‍മെന്റ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനും നിർദേശിക്കുകയും ചെയ്‌തു.
ഭൂമി ഏറ്റെടുക്കണമെന്നും പദ്ധതി മരവിപ്പിച്ച നടപടി അതിനുശേഷം പിൻവലിക്കാമെന്നും കഴിഞ്ഞദിവസമാണ് റെയിൽവേ ബോർഡ് സർക്കാരിനെ അറിയിച്ചത്. ഭൂമി ഏറ്റെടുക്കാൻ 1200 കോടി രൂപയാണ് ചെലവ്. പദ്ധതിക്ക് 3800 കോടിരൂപ ചെലവുവരും. ഇതിന്റെ പകുതി, 1900 കോടി സംസ്ഥാന സർക്കാർ നൽകണം. ഇത് നൽകാൻ മന്ത്രിസഭ അംഗീകരിച്ചതാണ്. മരവിപ്പിച്ച പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിലെ ആശങ്ക സംസ്ഥാനം റെയിൽവേ മന്ത്രാലയത്തെ കത്തുമുഖേന അറിയിച്ചിട്ടുമുണ്ട്.
അങ്കമാലിമുതൽ എരുമേലിവരെ 111.48 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പാത. 8 കിലോമീറ്റർ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായിരുന്നു. അങ്കമാലിക്കും കാലടിയ്‌ക്കും ഇടയിൽ 7 കിലോമീറ്റർ നിർമാണവും നടന്നു. 70 കിലോമീറ്റർ വിജ്ഞാപനവുംഇറക്കി. 2020 ഡിസംബറിലാണ് പദ്ധതി കേന്ദ്രസർക്കാർ മരവിപ്പിച്ചത്.
പാതയിലെ 14 സ്റ്റേഷനുകൾ
അങ്കമാലി– ശബരി പാത വരുമ്പോൾ, നിലവിലുള്ള അങ്കമാലി റെയിൽവേ സ്റ്റേഷൻ ജങ്‌ഷൻ സ്‌റ്റേഷനായി മാറും. കാലടി– എയർപോർട്ട് റോഡിലാണ് കാലടി സ്റ്റേഷൻ. സ്റ്റേഷന്റെ നിർമാണം പൂർത്തിയായി. ഇവിടെവരെയാണ് പാത നിർമാണം പൂർത്തിയായി.
മറ്റ് സ്‌റ്റേഷനുകൾ
പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ (ഇടുക്കി ജില്ലയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ), കരിങ്കുന്നം, രാമപുരം ( ഇവിടെ വരെ സ്ഥലമേറ്റെടുപ്പിന് കല്ലിട്ടു), ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി (ശബരിമലയിലേക്ക് ഇവിടെനിന്ന് 43 കി.മീ.)








0 comments