അങ്കമാലി–ശബരിപാത പാളത്തിലേക്ക്

ന്യൂഡൽഹി
ഏറെനാളായി മുടങ്ങിക്കിടന്ന അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത യാഥാർഥ്യമാകാൻ വഴിയൊരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്‌ചയില്‍ പദ്ധതിയുമായി വേഗത്തിൽ മുന്നോട്ടുനീങ്ങാൻ ധാരണയായി.
ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി റെയിൽവേയുടെ വിദഗ്‌ധ സംഘം ജൂലൈയിൽ കേരളത്തിലെത്തുമെന്ന് കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്ത സംസ്ഥാന റെയിൽവേ മന്ത്രി വി അബ്‌ദുറഹിമാൻ അറിയിച്ചു. പ്രതിസന്ധിയിലായ നൂറുകണക്കിന് കുടുംബങ്ങളുടെ പ്രശ്‌നങ്ങൾക്കും ഇതോടെ പരിഹാരമാകും.
എത്രയും പെട്ടെന്ന് റെയിൽപ്പാത പൂർത്തീകരിക്കാനാണ് സർക്കാർ ശ്രമം. കേരളത്തിന്റെ റെയിൽ വികസനത്തിൽ അങ്കമാലി–- ശബരിപാതയ്‌ക്കാണ് സർക്കാരിന്റെ പ്രഥമ പരിഗണന. സംസ്ഥാനത്ത് റെയിൽവേയുടെ മൂന്നും നാലും പാതകൾ കൂടി നിർമിക്കാൻ ആവശ്യമായ കാര്യങ്ങൾ വേഗത്തിലാക്കാനും കേന്ദ്ര റെയിൽവേ മന്ത്രിയോട് മുഖ്യമന്ത്രി അഭ്യർഥിച്ചു. ജനം ഏറെ ആഗ്രഹിച്ച അങ്കമാലി–- ശബരിമല പാത നടപ്പിലാക്കാനാവുന്നതിൽ സംസ്ഥാന സർക്കാരിന് അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണ തേടിയിട്ടുണ്ടെന്ന് അശ്വിനി വൈഷ്‌ണവ് സമൂഹമാധ്യമത്തിൽ കുറിച്ചു. കേരളത്തിനനുവദിച്ച മേൽപ്പാലങ്ങൾക്കും അടിപ്പാതകൾക്കുമായി ഭൂമി ഏറ്റെടുക്കാനും പിന്തുണ തേടിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വടക്ക് മുതൽ തെക്ക് വരെ മൂന്നും നാലും റെയിൽപ്പാതകൾ കൂടി നിർമിക്കാനുള്ള പദ്ധതി പണിപ്പുരയിലാണ്. കേരളത്തിന്റെ റെയിൽ വികസനത്തിന് നടപ്പുവർഷം 3042 കോടിയാണ് അനുവദിച്ചിട്ടുള്ളത്–- അശ്വിനി വൈഷ്‌ണവ് അറിയിച്ചു.
കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു. മുഖ്യമന്ത്രി ബുധനാഴ്ച കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.








0 comments