കെ ജെ ഷൈനെതിരായ അപവാദപ്രചാരണം കോൺഗ്രസ് എത്തിച്ചേർന്ന ജീർണത മറച്ചുവെക്കാൻ: എസ് സതീഷ്

എസ് സതീഷ് | Image: FB/ S Satheesh
കൊച്ചി: കോൺഗ്രസ് എത്തിച്ചേർന്ന ജീർണത മറച്ചുവെക്കാനാണ് കെ ജെ ഷൈന് എതിരെ വ്യാജപ്രചാരണം നടത്തുന്നതെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎയ്ക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളെ തുടർന്ന്, കോൺഗ്രസിന്റെ ജീർണിച്ചമുഖം കേരളം തിരിച്ചറിഞ്ഞതാണ്. രാഹുലിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ പെൺകുട്ടികളെ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിക്കുകയായിരുന്നു കോൺഗ്രസ്. ഇരകളെ ആക്രമിക്കുന്നതാണ് കോൺഗ്രസിന്റെ രീതി. രാഹുലിനെതിരെ നിലപാടെടുത്ത കോൺഗ്രസ് വനിതാ നേതാക്കളെ പോലും ഹീനമായി ആക്ഷേപിച്ചു. ഇതിന്റെ തുടർച്ചയാണ് ഷൈന് എതിരായ വ്യാജപ്രചാരണമെന്നും സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയപ്രവർത്തകയാണ് കെ ജെ ഷൈൻ. അവർക്കെതിരെ പോലും ചിത്രം ഉൾപ്പെടെവെച്ച് വ്യാജമായ വാർത്തയാണ് സോഷ്യൽമീഡിയയിൽ കോൺഗ്രസ് പ്രചരിപ്പിക്കുന്നത്. കോൺഗ്രസ് നേതാക്കളുൾപ്പെടെ ഈ വ്യാജപ്രചാരണം ഏറ്റെടുത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമായി. മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമീഷനും കെ ജെ ഷൈൻ പരാതി നൽകിയിട്ടുണ്ട്. നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നും സതീഷ് പറഞ്ഞു.








0 comments