പടയ്ക്ക് മുന്നിലും പതറാത്ത നേതാവ്

russel
avatar
ആർ രാജേഷ്‌

Published on Feb 22, 2025, 01:48 AM | 2 min read


ചങ്ങനാശേരി

മുത്തങ്ങ ഭൂസമരം അടിച്ചമർത്താൻ യുഡിഎഫ്‌ സർക്കാർ നടത്തിയ വെടിവയ്‌പ്പിന്റെ 22–-ാം വാർഷികം കഴിഞ്ഞിട്ട്‌ ദിവസങ്ങൾ മാത്രം. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ആ നരനായാട്ടും അതിനെതിരെ നാടാകെ നടന്ന പ്രതിഷേധവും ഓർക്കുമ്പോൾ സഖാവ്‌ റസലിന്റെ പോരാട്ടവീര്യം ഓർക്കാതിരിക്കാനാകില്ല.


മുത്തങ്ങ സംഭവത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം എസ്‌പി ഓഫീസിലേക്ക്‌ നടന്ന മാർച്ചിനിടെ പൊലീസുമായി സംഘർഷമുണ്ടായി. പ്രവർത്തകരെ നേരിടാൻ കൊണ്ടുവന്ന ഇലക്‌ട്രിക്‌ ബാറ്റൺതട്ടി ഡിവൈഎസ്‌പിക്ക്‌ ചെറിയ പരിക്കേറ്റു. ഇതിന്‌ കാരണക്കാർ ചങ്ങനാശേരിയിലെ പ്രവർത്തകരാണെന്നും ഇവരെ കൈകാര്യം ചെയ്യണമെന്നുമായി ഡിവൈഎസ്‌പി. അന്ന്‌ വൈകിട്ട്‌ മുത്തങ്ങയിലെ പൊലീസ്‌ ഭീകരതയ്‌ക്കെതിരെ ചങ്ങനാശേരിയിൽ പ്രകടനം നടക്കുന്നു. സിപിഐ എം പ്രവർത്തകരെ കൈയിൽകിട്ടിയ അവസരമെന്നോണം മൂന്നു വാനുകളിലായി ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാർ ഉൾപ്പെടുന്ന സംഘവുമായി ഡിവൈഎസ്‌പി ചങ്ങനാശേരിയിലെത്തി. ഏരിയ കമ്മിറ്റി ഓഫീസ്‌ ആക്രമിച്ച്‌ പ്രവർത്തകരെ മർദിക്കാൻ വിസമ്മതിച്ച ഉദ്യോഗസ്ഥരെ ഒഴിവാക്കി രണ്ടുംകൽപ്പിച്ചായിരുന്നു ആ വരവ്‌. പാർടി ഏരിയ കമ്മിറ്റി ഓഫീസ്‌ വളഞ്ഞു.


ജനാലച്ചില്ലുകളും മറ്റും അടിച്ചുതകർത്തു. അരിശംതീരാതെ രണ്ടുനില ഓഫീസിന്റെ റൂഫിലിട്ടിരുന്ന ഇരുമ്പുകസേരകൾ മുറ്റത്തെ കിണറ്റിലേക്ക്‌ ഒന്നൊന്നായി എറിഞ്ഞു. വഴിയിൽ കണ്ടവരെയെല്ലാം അടിച്ചോടിച്ചു. ഇരുൾവീണതോടെ ഓഫീസിന്റെ വാതിൽ തകർക്കാനായി പൊലീസ്‌ ശ്രമം. ഉള്ളിൽ ജില്ലാ കമ്മിറ്റി അംഗമായ റസൽ സഖാവും ഓഫീസ്‌ സെക്രട്ടറിയായ ഞാനുമടക്കം 42 പേർ. ഓഫീസിലെ ജനലും വാതിലും ടെലിഫോൺ പോസ്‌റ്റുകൊണ്ട്‌ ഇടിച്ചുതകർത്ത്‌ പൊലീസ്‌ ഇരച്ചുകയറി. അവർക്കു മുന്നിൽ നെഞ്ചുവിരിച്ച്‌ സഖാവ്‌ റസൽ നിന്നു. ആ വീര്യത്തിന്‌ മുന്നിൽ ഒന്നുപതറിയ പൊലീസ്‌ നിങ്ങളെ വേണ്ടെന്നും പ്രവർത്തകരെ വിട്ടുതരണമെന്നുമായി. തന്നെ അറസ്‌റ്റ്‌ ചെയ്യാതെ ഇവിടെയൊരാളെയും കൊണ്ടുപോകില്ലെന്ന്‌ ഉറപ്പിച്ചുപറഞ്ഞു. പിന്നിൽനിന്ന പൊലീസുകാരൻ ലാത്തിക്ക്‌ സഖാവിന്റെ തലയ്‌ക്കടിച്ചു.

ഒപ്പംനിന്ന എന്നെ ചവിട്ടിവീഴ്‌ത്തി. ലാത്തികൊണ്ട്‌ തലങ്ങും വിലങ്ങും അടിയും കുത്തും. മുഴുവൻ പ്രവർത്തകരെയും മർദിച്ച്‌ അവശരാക്കി സ്‌റ്റേഷനിലെത്തിച്ചു. സ്‌റ്റേഷനിലും ക്രൂരമായ മർദനം. അവിടെവച്ച്‌ ചില ലോക്കൽ പൊലീസുകാർ ഇടപ്പെട്ട്‌ റസലിനെ കേസിൽനിന്നൊഴിവാക്കാൻ നോക്കി. അത്‌ വേണ്ടെന്നും പ്രവർത്തകർക്കൊപ്പം താനും ജയിലിൽ പോകുമെന്നും അറിയിച്ചു. കോടതി 41 പേരെയും റിമാൻഡ്‌ ചെയ്‌തു.


ആറുദിവസം പൊൻകുന്നം സബ്‌ ജയിലിൽ. നേതാവിനൊപ്പമുള്ള ജയിൽവാസം ഞങ്ങൾ വലിയ ആവേശത്തോടെയാണ്‌ ഏറ്റെടുത്തത്‌. ആ നേതൃഗുണം എല്ലാക്കാലവും അദ്ദേഹത്തിൽ കണ്ടിരുന്നു. പുറത്തിറങ്ങിയ ഞങ്ങളിൽ ചിലർക്ക്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. അന്ന്‌ ഞങ്ങളെ നിർബന്ധിച്ച്‌ ചികിത്സിക്കാൻ കൊണ്ടുപോയതും അദ്ദേഹമായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home