print edition ഇടിഞ്ഞിടിഞ്ഞ് റബർ വില

കോട്ടയം: റബറിന്റെ വിലയിടിവ് തുടരുന്നു. നവംബർ ഒന്നിന് സർവകാല റെക്കോഡായ 300ൽ എത്തിയ വിലയിടിവ് ഇപ്പോൾ 276ൽ എത്തി. ആർഎസ്‌എസ് നാലിന്റെ റബർ ബോർഡ് വിലയാണിത്. ടാപ്പിങ് മുടങ്ങിക്കിടന്ന തോട്ടങ്ങളിലും വില മൂന്നൂറിലെത്തിയപ്പോൾ ടാപ്പിങ് തുടങ്ങിയിരുന്നു. ഇവർക്കെല്ലാം ഇപ്പോഴത്തെ ഇടിവ് തിരിച്ചടിയായി. നവംബർ, ഡിസംബർ മാസങ്ങൾ ഏറ്റവും ഉൽപ്പാദനമുള്ള സമയമാണ്.
ഇൗ മാസങ്ങളിൽ 15 ശതമാനം വരെ വിലയിടിയുന്നത് സ്വാഭാവികം. അന്താരാഷ്‌ട്ര വിപണിസാഹചര്യങ്ങളും ചേർന്നപ്പോൾ വില ദിനംപ്രതി ഇടിയുന്ന സാഹചര്യമായി. 270ൽ താഴാൻ സാധ്യത കുറവാണെന്ന് മേഖലയിലെ വിദഗ്‌ധർ പറയുന്നു. ഡിസംബർ പകുതിവരെ വില ഉയരാൻ സാധ്യതയില്ല. ഇൗമാസം ക്രൂഡോയിൽ വില കുറഞ്ഞതിനാൽ സിന്തറ്റിക് റബറിനും കുറഞ്ഞു. വൻകിട ഉൽപ്പാദകർ സ്വാഭാവിക റബർ വാങ്ങുന്നത് കുറച്ച് സിന്തറ്റിക് കൂടുതലായി വാങ്ങാൻ തുടങ്ങി. ഇതാണ് വിലയിടിവിന് പ്രധാന കാരണം.
വെട്ടാൻ തിടുക്കം കൂടി
വില കുത്തനെ ഉയർന്നതുകണ്ട്, പുതിയ മരങ്ങൾ വെട്ടാൻ ചില കർഷകർ തിടുക്കം കാണിച്ചു. പലതും വെട്ടാൻ പാകമാകാത്ത മരങ്ങളായിരുന്നു. ഇത് ഉൽപ്പാദനശേഷിയെ ബാധിക്കും. മരം ടാപ്പ് ചെയ്യാറായോ എന്ന് തീരുമാനിക്കുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല, വണ്ണത്തിലാണ്. 125 സെന്റിമീറ്റർ ഉയരത്തിൽ, കുറഞ്ഞത് 50 സെന്റിമീറ്റർ ചുറ്റുവണ്ണമെത്തിയാൽ ടാപ്പിങ് തുടങ്ങാം.
ഇയുഡിആർ മാപ്പിങ് 68,000 ഹെക്ടർ പൂർത്തിയായി
യൂറോപ്യൻ യൂണിയന്റെ പുതിയ റബർ കയറ്റുമതി ചട്ടത്തിന്റെ (ഇയുഡിആർ) അടിസ്ഥാനത്തിൽ ഇന്ത്യയിൽ റബർ ബോർഡ് നടത്തുന്ന മാപ്പിങ് 68,000 ഹെക്ടറിൽ പൂർത്തിയായി. മാപ്പിങ് നടത്തിയ പ്രദേശത്തുനിന്നുള്ള റബറും റബറുൽപ്പന്നങ്ങളും മാത്രമേ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാവൂ. നിയമം 2027 ജനുവരി ഒന്നിന് നിലവിൽ വരും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാപ്പിങ് തുടങ്ങിയിട്ടില്ല. കയറ്റുമതിയുടെ 26 ശതമാനവും യൂറോപ്യൻ യൂണിയനിലേക്കാണ്. വർഷം ഒന്നരലക്ഷം ടൺ വരും.









0 comments