print edition പേവിഷബാധയേറ്റ കാട്ടുപന്നി 3 പേരുടെ വിരലുകൾ കടിച്ചെടുത്തു

പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ സൗമ്യയും ജയകുമാറും ആശുപത്രിയിൽ
വെഞ്ഞാറമൂട്: പേവിഷബാധയേറ്റ കാട്ടുപന്നി വെഞ്ഞാറമൂട്ടിൽ വയോധികനെ ഉൾപ്പെടെ ആക്രമിച്ച് മൂന്നുപേരുടെ വിരലുകൾ കടിച്ചെടുത്തു. പിരപ്പൻകോട് പാലവിള ഹരിനന്ദനത്തിൽ സൗമ്യ (36), പിരപ്പൻകോട് പാലവിള ചിറ്റാരിക്കൽവീട്ടിൽ ജയകുമാർ (52), കൊക്കോട്ടുകോണം കൈരളിയിൽ മണിയൻ (70) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ടുപന്നികളിൽ പേവിഷബാധ സ്ഥിരീകരിച്ച് ജനവാസ മേഖലയിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്നതും സംസ്ഥാനത്ത് അപൂർവമായ സംഭവമാണ്.
വെള്ളി രാവിലെ ഒമ്പതോടെയായിരുന്നു സംഭവം.
മണിയനെയാണ് പന്നി ആദ്യം ആക്രമിച്ചത്. മണിയന്റെ കൈവിരലുകൾ പന്നി കടിച്ചെടുക്കുകയും ആക്രമണത്തിൽ ശരീരമാസകലം മുറിവേൽക്കുകയും ചെയ്തു. തുടർന്ന് പാലവിള–കുശവീട് ഏലായിലേക്ക് ഓടിയെത്തിയ പന്നി അടുക്കള ഭാഗത്ത് നിൽക്കുകയായിരുന്ന സൗമ്യയെ കുത്തിയിട്ടു. സൗമ്യയുടെ കൈവിരലുകളും കാൽവിരലുകളും കടിച്ചെടുത്തു. തലയ്ക്കും കടിയേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ ജയകുമാറിനെയും പന്നി ആക്രമിച്ചു. കൈക്കും തലയ്ക്കുമാണ് പരിക്ക്.
നാട്ടുകാർ ഓടിക്കൂടിയതോടെ കാട്ടുപന്നി സമീപത്തെ മോഹനൻ നായരുടെ വീട്ടുവളപ്പിൽ കയറി വളർത്തുനായയെയും സജികുമാറിന്റെ പോത്തിനെയും കടിച്ചു. തുടർന്ന് നാട്ടുകാർ പന്നിയെ മതിൽക്കെട്ടിനുള്ളിൽ ഓടിച്ചുകയറ്റിയശേഷം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ അനിലിനെ വിവരമറിയിച്ചു. പഞ്ചായത്തിന്റെ ലൈസൻസുള്ള ഷൂട്ടർ രാജേഷ് എത്തിയാണ് പന്നിയെ വെടിവച്ചുകൊന്നത്.
പേവിഷബാധ സംശയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ പന്നിയെ പാലോട് ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ വിഷബാധ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്ന് പരിക്കേറ്റവർ വാക്സിൻ എടുത്തു.
ജി ആർ അനിൽ എംഎൽഎയുടെ അടിയന്തര ഇടപെടലിനെ തുടർന്ന് ഡിഎഫ്ഒ വിഷയത്തിൽ ഇടപെടുകയും തിരുവനന്തപുരത്തുനിന്നും പാലോടുനിന്നുമുള്ള ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീം രാത്രിയോടെ സംഭവസ്ഥലത്തെത്തി മറ്റ് പന്നികൾക്കായി തിരച്ചിൽ ആരംഭിച്ചു. വെഞ്ഞാറമൂട്, വയ്യേറ്റ്, പിരപ്പൻകോട്, പാലവിള, കൊക്കോട്ടുകോണം മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. മറ്റ് കാട്ടുപന്നികളിലേക്കും രോഗം പടർന്നിട്ടുണ്ടോ എന്ന ഭയത്തിലാണ് പ്രദേശവാസികൾ.








0 comments