print edition പ്രതീക്ഷ വെറുതെയായി: റബർവില താഴോട്ട്

കോട്ടയം: റെക്കോഡ് കടന്ന റബർവില താഴോട്ട്. ഇടയ്‌ക്ക് 280 രൂപവരെ എത്തിയപ്പോൾ 300 കടക്കുമെന്ന് പലരും പ്രവചിച്ചു. എന്നാൽ വില മെല്ലെ താഴുകയാണ്. ഇത് കർഷകരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. കോട്ടയത്ത് ആർഎസ്‌എസ് നാലിന് കിലോയ്‌ക്ക് 274 രൂപയിലെത്തി. ആർഎസ്‌എസ് അഞ്ചിന് 271. എങ്കിലും അന്താരാഷ്‌ട്രവിലയേക്കാൾ മെച്ചപ്പെട്ട വിലയാണിത്. ആർഎസ്‌എസ് നാലിന് ബാങ്കോക്ക് വില 267 ആണ്.
ടയർ കമ്പനികളുടെ ഗൂഢാലോചനയുടെ ഫലമായാണ് വില കുറഞ്ഞതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അന്താരാഷ്‌ട്ര വിപണിയിൽ വില കൂടിയിരിക്കുന്നതിനാൽ കമ്പനികൾക്ക് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന സ്വാഭാവിക റബറിനെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്നു. ഇറക്കുമതി നികുതി, കപ്പൽകൂലി എന്നിവയടക്കം കിലോക്ക് കുറഞ്ഞത് 290 രൂപയെങ്കിലും ഇറക്കുമതിക്ക് ചെലവാകും. ഇന്ത്യയിലെ വിലയും ഇതേ നിലവാരത്തിലായാൽ ലാഭം കുറയുമെന്ന് കന്പനികൾ കണക്കുകൂട്ടുന്നു. ഇതോടെയാണ് പെട്ടെന്ന് വിപണിയിൽനിന്ന് വിട്ടുനിന്ന് റബറിന്റെ വില കുറയ്‌ക്കാനുള്ള തന്ത്രം കമ്പനികൾ പയറ്റിയത്. കൂടിയ വില പ്രതീക്ഷിച്ച് കർഷകർ മഴക്കാലത്ത് റബർ ടാപ്പിങ്ങും റെയിൻ ഗാർഡിങ്ങും നടത്തിയിരുന്നു. 250ൽ കുറഞ്ഞാൽ മാത്രമേ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 250 രൂപ താങ്ങുവിലയുടെ ഗുണം ലഭിക്കൂ.
എൽ–നിനോ പ്രതിഭാസം താപനിലയുയരാനും ദീർഘകാലം വരണ്ട കാലാവസ്ഥയുണ്ടാകാനും കാരണമായേക്കും. ഇത് പ്രകൃതിദത്ത റബർമേഖലയെ സാരമായി ബാധിക്കും. റബർകൃഷിയിലാണ് ഇതിന്റെ ആഘാതം കൂടുതൽ പ്രകടമാകുക. മഴയുടെ കുറവും ഉയർന്ന താപനിലയും മൂലം മണ്ണിലെ ഇൗർപ്പം കുറയും. കീടങ്ങളുടെ ആക്രമണവും കുറയ്‌ക്കും. വില താഴുന്നതിനൊപ്പം ഇത്തരം പ്രശ്‌നങ്ങൾകൂടി വരുന്നത് റബർ കൃഷിയെ ബാധിക്കും.










0 comments