ad
Deshabhimani

റബർ താങ്ങുവില എൽഡിഎഫ്‌ 
സർക്കാർ 200 ആക്കി ഉയർത്തിയതാണ്‌ ആശ്വാസം

print edition റബർ ഇറക്കുമതി 
വർധിച്ചത്‌ 12 മടങ്ങ്‌ ; കുത്തകകൾക്ക്‌ വഴങ്ങി ബിജെപി സർക്കാർ

Rubber
avatar
പി സി പ്രശോഭ്‌

Published on Mar 04, 2026, 03:22 AM | 1 min read


കോട്ടയം

റബർ വ്യവസായികളിലെ കുത്തകകളെ സഹായിക്കുന്ന കേന്ദ്രനയത്തിന്റെ ഭാഗമായി ഇറക്കുമതിയുടെ കുത്തനെയുള്ള വർധനവും കയറ്റുമതിയുടെ തളർച്ചയും എടുത്തുകാട്ടി റബർ ബോർഡിന്റെ കണക്ക്.


ബോർഡ്‌ പുറത്തിറക്കിയ റബർ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ പ്രകാരം, രണ്ട്‌ പതിറ്റാണ്ടിനിടെ ഇന്ത്യയിലേക്കുള്ള സ്വാഭാവിക റബർ ഇറക്കുമതി 12 മടങ്ങ്‌ വർധിച്ചു. 2005–06 സാമ്പത്തിക വർഷത്തിൽ 45,285 ടൺ റബർ ഇറക്കുമതി ചെയ്‌തപ്പോൾ 2024–25 വർഷം 5,50,918 ടണ്ണായി ഉയർന്നു. ഇന്ത്യയിലെ റബറിന്‌ വൻതോതിൽ വിലയിടിച്ചത്‌ അനിയന്ത്രിതമായ ഇ‍ൗ ഇറക്കുമതിയാണ്‌.


2004–05ൽ ഇന്ത്യയിൽനിന്നുള്ള കയറ്റുമതി 73,830 ടണ്ണായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷമായപ്പോൾ വെറും 4,839 ടണ്ണായി ഇടിഞ്ഞു. ഇറക്കുമതി ചുങ്കം വർധിപ്പിക്കണമെന്ന കർഷകരുടെ ആവശ്യത്തോട്‌ കേന്ദ്രം മുഖംതിരിക്കുന്നതിനാലാണ്‌ ഇ‍ൗ സാഹചര്യം. കുത്തക വ്യവസായികളുടെ താൽപ്പര്യത്തിന്‌ ബിജെപി സർക്കാർ വഴങ്ങുന്നതായി കർഷകസംഘടനകളും ചൂണ്ടിക്കാണിക്കുന്നു.


ഇന്ത്യയിലെ സ്വാഭാവിക റബറിന്റെ ഉൽപ്പാദനത്തിലും കാര്യമായ ഉയർച്ചയുണ്ടായില്ലെന്ന്‌ കണക്ക്‌ വ്യക്തമാക്കുന്നു. 2005–06ൽ 8.02 ലക്ഷം ടണ്ണായിരുന്നു ഉൽപ്പാദനം. ഉപഭോഗം 8.01 ലക്ഷം ടണ്ണും. അതായത്‌, ആവശ്യമായ റബർ ഇവിടെത്തന്നെ ഉൽപ്പാദിപ്പിക്കാൻ സാധിച്ചിരുന്നു. 2024–25ൽ ഉൽപ്പാദനം 8.75 ലക്ഷം ടണ്ണാണ്‌. നാമമാത്രമായ വർധന. എന്നാൽ, ഉപഭോഗം 20 വർഷം മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടിയോളമായി, 14.10 ലക്ഷം ടൺ.


സ്വാഭാവിക റബറിന്റെ ഉൽപ്പാദനക്ഷമതയും ഇ‍ൗ കാലഘട്ടത്തിൽ കുറഞ്ഞു. 2005–06ൽ ഒരു ഹെക്ടറിൽനിന്ന്‌ ലഭിച്ചിരുന്നത്‌ 1,796 കിലോയായിരുന്നു. ഇപ്പോൾ 1,500 കിലോ മാത്രം.

റബർ മേഖലയോട്‌, പ്രത്യേകിച്ച്‌ കേരളത്തിലെ കർഷകരോട്‌, കേന്ദ്രം കാണിക്കുന്ന അവഗണന മൂലം അർഹമായ വില കിട്ടാറില്ല. താങ്ങുവില എൽഡിഎഫ്‌ സർക്കാർ 200 ആക്കി ഉയർത്തിയതാണ്‌ ആശ്വാസം. നിലവിൽ റബർവില സമീപകാലത്തെ ഏറ്റവും ഉയർന്ന നിലയിലായിട്ടും അത്‌ കർഷകർക്ക്‌ ഗുണകരമാകുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home