print edition റബർ ബോർഡ്; അംഗങ്ങളില്ലാതെ എന്തിന് ചെയർമാൻ?

കോട്ടയം: റബർ ബോർഡിന്റെ തലപ്പത്ത് ബിജെപി രാഷ്‌ട്രീയനിയമനത്തിലൂടെ ചെയർമാനെ നിയോഗിച്ചെങ്കിലും, ബോർഡംഗങ്ങളെ നിയമിക്കുന്നതിൽ തീരുമാനമായില്ല. ഉദ്യോഗസ്ഥ നോമിനികളൊഴിച്ചുള്ള ബോർഡിലെ എല്ലാ അംഗങ്ങളുടെയും കാലാവധി മാസങ്ങൾക്ക് മുമ്പേ കഴിഞ്ഞു.
ഇപ്പോൾ യോഗം ചേരാനാവശ്യമായ ക്വാറം തികയാനുള്ള അംഗങ്ങളില്ല. ഇങ്ങനെയൊരു ബോർഡിന് ചെയർമാനെ മാത്രം നിയോഗിച്ചിട്ട് എന്തുകാര്യമെന്ന ചോദ്യമാണ് ഉയരുന്നത്.
നയപരമായ തീരുമാനങ്ങളെടുത്ത് കേന്ദ്ര സർക്കാരിനെ അറിയിക്കാൻ ചെയർമാൻ അധ്യക്ഷനായി യോഗം ചേർന്ന് തീരുമാനങ്ങൾ എടുക്കേണ്ടത് ആവശ്യമാണ്.
മൂന്നിലൊന്ന് ക്വാറമുണ്ടെങ്കിലേ ബോർഡ് യോഗം ചേരാനാകൂ. 29 അംഗ ബോർഡിൽ ബാക്കിയുള്ളത് ഉദ്യോഗസ്ഥ നോമിനികളായ ആറുപേർ മാത്രം. പല സമയങ്ങളിലായി മറ്റുള്ളവരുടെയല്ലാം മൂന്നുവർഷ കാലാവധി കഴിഞ്ഞിരുന്നു.
രണ്ടുവർഷത്തോളം ചെയർമാനായിരുന്ന സാവർ ധനാനിയ 2024 ജൂൺ 30ന് കാലാവധി പൂർത്തിയാക്കി മടങ്ങി. പിന്നീട് ഒരു വർഷത്തിലേറെ ബോർഡ് ചെയർമാനില്ലാതെ കിടന്നു.
തുടർന്ന് താൽക്കാലിക അധ്യക്ഷരെ നിയോഗിച്ച് കേന്ദ്ര വാണിജ്യ മന്ത്രാലയം റബർ ബോർഡിന്റെ നിയന്ത്രണം കൈക്കലാക്കി. ബോർഡിന്റെ സബ്‌സിഡികൾ മുടങ്ങി. പ്രവർത്തനം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രീകരിച്ചു.
ചെയർമാൻ സ്ഥാനത്തേയ്‌ക്ക് പ്രഗത്ഭരായ പല ഉദ്യോഗസ്ഥരുടെയും പേരുകൾ ഉയർന്നുവന്നിരുന്നു. എന്നാൽ എസ്‌എസ്‌എൽസി വിദ്യാഭ്യാസം മാത്രമുള്ള ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരിയെ കേന്ദ്രസർക്കാർ ചെയർമാനാക്കുകയായിരുന്നു.
റബർ ഇറക്കുമതി തീരുവ വർധിപ്പിക്കൽ, താങ്ങുവില പ്രഖ്യാപിക്കൽ തുടങ്ങി കർഷകരുടെ നിരവധി ആവശ്യങ്ങൾ കേന്ദ്രസർക്കാർ ഇനിയും പരിഗണിച്ചിട്ടില്ല. ഇതിനു സമ്മർദം ചെലുത്തേണ്ടത് ബോർഡാണ്. എന്നിട്ടും കേന്ദ്രസർക്കാർ ബോർഡിനെ നിരന്തരം അവഗണിക്കുന്നതിൽ കർഷകർക്ക് കടുത്ത അമർഷമുണ്ട്.










0 comments