സിപിഐ എം ലോക്കൽകമ്മിറ്റി ഓഫീസിന് മുന്നിൽ ആർഎസ്‌എസ് ബോംബേറ്; 2 വീടുകളുടെ ജനൽ ചില്ല് തകർന്നു, വ്യാപക പ്രതിഷേധം

പ്രതീകാത്മക ചിത്രം
കൂത്തുപറമ്പ്: പത്തായക്കുന്ന് മൗവ്വഞ്ചേരിപീടികയിലെ സിപിഐ എം പാട്യം സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലെ റോഡിൽ ആർഎസ്‌എസുകാർ ബോംബെറിഞ്ഞു. ഉഗ്ര സ്‌ഫോടനത്തിൽ സമീപത്തെ വീടുകളുടെ ജനൽചില്ലുകൾ തകർന്നു. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗം കാവ്യ ശ്രീ, മൗവ്വഞ്ചേരി പ്രഭാകരൻ എന്നിവരുടെ വീടുകളുടെ ജനൽ ചില്ലാണ് ബോംബിന്റെ അവശിഷ്‌ടങ്ങൾ തെറിച്ച് തകർന്നത്.
ബുധനാഴ്‌ച അർധരാത്രി 12 മണിയോടെയാണ് സംഭവം. സ്ഫോടനസ്ഥലത്തുനിന്ന് 100 മീറ്റർ മാറിയാണ് കേടു സംഭവിച്ച വീടുകൾ. കതിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൂത്തുപറമ്പിനടുത്ത് ആയിത്തറ നീർവേലിയിൽ രക്തസാക്ഷി യുകെ കുഞ്ഞിരാമൻ സ്‌മൃതിമണ്ഡപം തകർത്തതിനെതിരായ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ റോഡിൽ ബോംബെറിഞ്ഞുള്ള പ്രകോപനം.
ബോംബ് സ്‌ഫോടനമുണ്ടായ സ്ഥലവും വീടുകളും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രൻ, ഏരിയസെക്രട്ടറി എം സുകുമാരൻ, ലോക്കൽ സെക്രട്ടറി എ രാമചന്ദ്രൻ, പാട്യം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി പ്രദീപ്‌കുമാർ എന്നിവർ സന്ദർശിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്‌ച വൈകിട്ട് സിപിഐ എം നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവുമുണ്ടാകും.









0 comments