രജിസ്‌ട്രാർ ഡോ. കെ എസ്‌ അനിൽകുമാറിന്റെ സസ്‌പെൻഷൻ റദ്ദാക്കിയ
 സിൻഡിക്കറ്റ് നടപടിക്ക് അംഗീകാരം

കാവി അജൻഡ 
പൊളിഞ്ഞു ; രാജ്‌ഭവനും തിരിച്ചടി

Rss Agenda kerala university
വെബ് ഡെസ്ക്

Published on Jul 08, 2025, 02:59 AM | 1 min read


കൊച്ചി

കേരള സർവകലാശാലയിൽ ആർഎസ്‌എസ്‌ അജൻഡ നടപ്പിലാക്കാനിറങ്ങിയ വെെസ് ചാൻസലർക്കും താൽക്കാലിക വൈസ്‌ ചാൻസലർക്കും ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. രജിസ്‌ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ സസ്‌പെൻഡ് ചെയ്‌ത വെെസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടി കോടതി റദ്ദാക്കി. വിസിയുടെ നടപടി ചോദ്യംചെയ്‌ത്‌ രജിസ്‌ട്രാർ നൽകിയ ഹർജിയും തീർപ്പാക്കി. സിൻഡിക്കറ്റ്‌ യോഗം ചേർന്ന്‌ സസ്‌പെൻഷൻ പിൻവലിച്ച സാഹചര്യത്തിൽ ഹർജിക്ക് നിലനിൽപ്പില്ലെന്ന് കോടതി വ്യക്തമാക്കി. സസ്‌പെൻഷൻ റദ്ദാക്കിയതിൽ എതിർപ്പുണ്ടെങ്കിൽ വൈസ് ചാൻസലർക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്നും വ്യക്തമാക്കി.


ഞായറാഴ്‌ച സിൻഡിക്കറ്റ് യോഗം ചേർന്ന്‌ വെെസ് ചാൻസലറുടെ ചട്ടവിരുദ്ധ തീരുമാനം റദ്ദാക്കിയെന്ന്‌ സർവകലാശാലയ്‌ക്കുവേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ തോമസ് അബ്രഹാം ഹെെക്കോടതിയെ അറിയിച്ചു. അതിനുള്ള അധികാരം സിൻഡിക്കറ്റിന് ഉണ്ടെന്നും വ്യക്തമാക്കി. സിൻഡിക്കറ്റ് നിയമിച്ച സ്റ്റാറ്റ്യൂട്ടറി ഓഫീസറായ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ വെെസ് ചാൻസലർക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ. കെ എസ് അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചത്. സസ്‌പെൻഷൻ റദ്ദാക്കിയതോടെ തിരികെ ചുമതല ഏറ്റെടുത്തതായും അദ്ദേഹം അറിയിച്ചു. വൈസ് ചാൻസലറുടെ താൽക്കാലിക ചുമതലയുള്ള ഡോ. സിസ തോമസിനുവേണ്ടി ഹാജരായ സ്വകാര്യ അഭിഭാഷകൻ ഈ നീക്കം എതിർത്തെങ്കിലും കോടതി പരിഗണിച്ചില്ല. രജിസ്ട്രാറായി ഡോ. മിനി കാപ്പന് ചുമതല നൽകിയ സിസ തോമസിന്റെ നടപടിയും ഇതോടെ അസാധുവായി.


സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുക്കുന്ന വേദിയിൽ സ്ഥാപിച്ച കാവിക്കൊടിയേന്തിയ സ്‌ത്രീയുടെ ചിത്രം എടുത്തുമാറ്റണമെന്നും നിബന്ധന ലംഘിച്ചതിനാൽ പരിപാടി റദ്ദാക്കുമെന്ന്‌ അറിയിച്ചതിനുമാണ്‌ രജിസ്‌ട്രാറെ സസ്‌പെൻഡ് ചെയ്‌തത്. സംഘപരിവാർ സംഘടനകളുടെയും ഗവർണറുടെയും നിർദേശത്തെ തുടർന്നാണ് വിസി ഡോ. മോഹനൻ കുന്നുമ്മൽ ചട്ടവിരുദ്ധ നിലപാടെടുത്തത്.


സർവകലാശാല ചട്ടപ്രകാരം രജിസ്ട്രാർക്കുമുകളിലുള്ള ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടിയെടുക്കാൻ വിസിക്ക് അധികാരമില്ല. അമിതാധികാരപ്രയോ​ഗം നടത്തി സസ്‌പെൻഷന് ഉത്തരവിട്ടശേഷം അവധിയിൽ പ്രവേശിച്ച ഡോ. മോഹനൻ കുന്നുമ്മലിനുപകരമാണ് സിസ തോമസിന് ഗവർണർ താൽക്കാലിക ചുമതല നൽകിയത്.

രാജ്‌ഭവന്റെ വാക്കുകേട്ട്‌ ഇല്ലാത്ത അധികാരം പ്രയോഗിക്കാനിറങ്ങിയ വൈസ്‌ ചാൻസലർക്കും താൽക്കാലിക വൈസ്‌ ചാൻസലർക്കും ഹൈക്കോടതി തീരുമാനത്തോടെ ഇനി പത്തിമടക്കേണ്ടിവരും. ഒപ്പം ഹൈക്കോടതി നടപടി രാജ്‌ഭവനും തിരച്ചടിയായി.


rss agenda





deshabhimani section

Related News

View More
0 comments
Sort by

Home