രാജ്‌ഭവനിലെ സർക്കാർ ചടങ്ങിൽ ആർഎസ്‌എസ് ചിത്രം ഒഴിവാക്കും

പ്രത്യേക ലേഖകൻ
Published on Jun 17, 2025, 12:03 AM | 1 min read
തിരുവനന്തപുരം: രാജ്‌ഭവനിൽ നടക്കുന്ന സംസ്ഥാന സർക്കാർ ഔദ്യോഗിക പരിപാടികളിൽ നിന്ന് ആർഎസ്‌എസ് ഭാരതാംബയുടേതെന്ന് അവകാശപ്പെടുന്ന ചിത്രം ഒഴിവാക്കുമെന്ന് രാജ്‌ഭവൻ വൃത്തങ്ങൾ. വ്യത്യസ്ത രാഷ്‌ട്രീയ നിലപാടും വിശ്വാസങ്ങളും ഉള്ളവർ അവ വച്ചുപുലർത്തുമ്പോൾ തന്നെ ഔദ്യോഗിക പരിപാടികളിൽ അത് പ്രകടിപ്പിക്കേണ്ടെന്ന നിലപാടാണ് ഗവർണർ രാജേന്ദ്ര ആർലേക്കർക്കുള്ളത്. ഈ ചിത്രത്തിൽ പുഷ്പാർച്ചനയും നിലവിളക്ക് കൊളുത്തലും നടത്തണമെന്നതിനാൽ, പരിസ്ഥിതി ദിനത്തിൽ രാജ്‌ഭവനിൽ നിശ്ചയിച്ചിരുന്ന ഔദ്യോഗിക പരിസ്ഥിതി ദിനാഘോഷ പരിപാടി സംസ്ഥാന കൃഷിവകുപ്പ് ഒഴിവാക്കിയിരുന്നു. ഇത് വലിയ വാർത്തയും വിവാദവുമായതോടെയാണ് തീരുമാനം.
തങ്ങളുടെ രാഷ്‌ട്രീയം സൂചിപ്പിക്കുന്ന എന്തെങ്കിലും അടിച്ചേൽപ്പിക്കൽ ഗവർണറുടെ നിലപാട് അല്ലെന്നും ജനാധിപത്യത്തിൽ ആശയപരമായ ഭിന്നത സ്വാഭാവികമാണെന്നും ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി ശ്രീകുമാർ ഇംഗ്ലീഷ് പത്രത്തിൽ എഴുതിയ ലേഖനത്തിലും വ്യക്തമാക്കി. വിഷയത്തിൽ രാജ്ഭവൻ നിലപാട് മാറ്റിയെന്ന വാർത്ത ശരിയാണെങ്കിൽ സ്വാഗതം ചെയ്യുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു









0 comments