print edition മെട്രോയുമായി ബന്ധിപ്പിച്ച് ആർആർടിഎസ് ; പദ്ധതി സജീവമാക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം
തിരുവനന്തപുരം – കാസർകോട് അതിവേഗ പാതയായ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) സംസ്ഥാനത്തെ മൂന്ന് മെട്രോകളുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടി ഉൗർജിതമാക്കി സംസ്ഥാനസർക്കാർ. തിരുവനന്തപുരം മെട്രോയുടെ ഡിപിആർ തയ്യാറാക്കുന്ന നടപടി ആരംഭിച്ചു.
കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തിന്റെയും കോഴിക്കോട് മെട്രോയുടെയും ഡിപിആർ നടപടി പുരോഗമിക്കുന്നു. 12 വർഷത്തിനകം പദ്ധതികൾ യാഥാർഥ്യമാക്കുമെന്നും അത് മുന്നിൽക്കണ്ട് ആർആർടിഎസിനായി അലൈൻമെന്റ് നിശ്‌ചയിക്കുമെന്നും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പദ്ധതിക്കായി 1.92 ലക്ഷം കോടിയാണ് ചെലവ്. ഡൽഹി–മീററ്റ് ആർആർടിഎസ് പദ്ധതി അടിസ്ഥാനമാക്കിയാണ് ചെലവ് കണക്കുകൂട്ടിയത്. ഡിപിആർ തയ്യാറാക്കുന്പോൾ യഥാർഥ ചെലവ് അറിയാനാകും.
നാലുഘട്ടമായാണ് ആർആർടിഎസ് കേരളത്തിൽ നടപ്പാക്കുക. ഒന്നാംഘട്ടം ട്രാവൻകൂർ ലൈൻ തിരുവനന്തപുരം–തൃശൂർവരെയാണ്. 284 കിലോമീറ്റർ ലൈൻ 2027ൽ ആരംഭിച്ച് 2033ൽ പൂർത്തിയാക്കും. രണ്ടാംഘട്ടമായി തൃശൂർ–കോഴിക്കോട് മലബാർ ലൈനും മൂന്നാംഘട്ടമായി കോഴിക്കോട്–കണ്ണൂർ ലൈനും നാലാംഘട്ടമായി കണ്ണൂർ–കാസർകോട് ലൈനും പൂർത്തിയാക്കും.ഭാവിയിൽ കാസർകോടുനിന്ന് മംഗളൂരുവിലേക്കും തൃശൂരിൽനിന്ന് പാലക്കാട് വഴി കോയന്പത്തൂരിലേക്കും തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കും പാത നീട്ടാം. ചെലവിന്റെ 20 ശതമാനംവീതം കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ചെലവഴിക്കും. 60 ശതമാനം അന്താരാഷ്‌ട്ര ധനകാര്യസ്ഥാപനത്തിൽനിന്ന് വായ്‌പയെടുക്കും.
പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന് ഉടൻ കത്തുനൽകും. ഇതിനായി ഗതാഗത വകുപ്പ് കൂടിയാലോചന പൂർത്തിയാക്കി. മന്ത്രിസഭായോഗം തത്വത്തിൽ പദ്ധതിക്ക് അംഗീകാരം നൽകുകയും സർക്കാർ ഉത്തരവ് ഇറക്കുകയുംചെയ്തു.










0 comments