ad
Deshabhimani

നൃത്തമാടാൻ മോഹിച്ചിടത്ത് ഇനി അധ്യാപകൻ

RLV Ramakrishnan

ചെറുതുരുത്തി

സ്വപ്ന സാഫല്യത്തിന്റെ അനർഘ നിമിഷങ്ങളെ നെഞ്ചോടു ചേർക്കുകയാണ് ആർ എൽ വി രാമകൃഷ്ണനെന്ന പ്രതിഭ. കലാമണ്ഡലം കൂത്തമ്പലത്തിൽ ഒരരങ്ങിനു മോഹിച്ച രാമകൃഷ്ണൻ ഇനിയുണ്ടാവും, വിദ്യാർഥികളുടെ രാമകൃഷ്ണാശാനായി. സ്വപ്നത്തിലേക്ക് നടന്നടുക്കുകയെന്നത് ശ്രമകരമാണെങ്കിലും ആത്മാർഥ ശ്രമങ്ങൾ ഫലം കാണുമെന്ന് തീർച്ചയാണെന്ന് രാമകൃഷ്ണൻതന്നെ സാക്ഷ്യപ്പെടുത്തുന്നു. പഠനകാലത്ത് കലാമണ്ഡലം അപ്രാപ്യമായിരുന്നു. പിന്നീട് അവിടെ നൃത്തമവതരിപ്പിക്കാൻ ഏറെ കൊതിച്ചു. കഴിഞ്ഞ വർഷമാണ് ആ മോഹം നിറവേറിയത്. കടന്നുവന്ന വഴികൾ ദേശാഭിമാനിയോട് പങ്കുവയ്ക്കുമ്പോൾ രാമകൃഷ്ണൻ വികാരധീനനായി.


ചാണകം ചുമന്നും ഓട്ടോകൾ കഴുകിയും കിട്ടുന്ന പണംകൊണ്ടാണ് ആദ്യമായി ചിലങ്ക വാങ്ങിയത്. 92ലെ ഉപജില്ലാ കലോത്സവമാണ് ചിലങ്കയണിഞ്ഞ ആദ്യവേദി. നൃത്തപരിപാടികളുടെ ചെലവിലേക്ക് ഒഴിവുവേളകളിൽ പണിക്കുപോയാണ് പണം കണ്ടെത്തിയത്. ചേട്ടൻ കലാഭവൻ മണിയെപ്പോലെത്തന്നെ ആരെയും ആശ്രയിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നു. അഞ്ചാംക്ലാസ് മുതൽ ആർഎൽവി ആനന്ദ്, കലാമണ്ഡലം ജയ ആനന്ദ്, ആർഎൽവി ഐഷ ശശിധരൻ, ആർഎൽവി വനജ എന്നിവരുടെ കീഴിൽ നൃത്തം അഭ്യസിച്ചു. കൊടുങ്ങല്ലൂർ കെകെടിഎം കോളേജിൽ ചേർന്ന രാമകൃഷ്ണൻ നൃത്തം തലയ്ക്കുപിടിച്ച് അവിടെ നിന്നിറങ്ങി.


കലാമണ്ഡലത്തിൽ പെർഫോമിങ്‌ ആർട്സിൽ പിഎച്ച്ഡിയും എംഫിലും നേടി. ‘ആട്ടത്തിലെ ആൺ വഴി’കളായിരുന്നു ഗവേഷണ വിഷയം. എംജി യൂണിവേഴ്സിറ്റി എംഎ മോഹിനിയാട്ടത്തിൽ ഒന്നാംറാങ്ക് നേടി,യൂണിവേഴ്സിറ്റി കലാപ്രതിഭയുമായിരുന്നു. കാലടി സർവകലാശാലയിൽ ഗസ്റ്റ് ലക്ചർ ആയിരിക്കെയാണ് എംഎ ഭരതനാട്യത്തിനു ചേർന്നത്.


കലാമണ്ഡലത്തിൽ റിസർച്ച് ഗൈഡ് ആയിരുന്ന എം ആർ ഗീതയും പി ഗംഗാധരനുമാണ് എന്നും പ്രചോദനമായതെന്ന് രാമകൃഷ്ണൻ പറഞ്ഞു. കലാരംഗത്ത് താൻ അനുഭവിച്ച വിവേചനത്തിന്റെ ദുരനുഭവം മറ്റു കുട്ടികൾക്ക് ഉണ്ടാവരുതെന്ന്‌ നിർബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home