നന്ദി ; വിവേചനം മാറ്റിയതിന് : ആർഎൽവി രാമകൃഷ്ണൻ

ജിബിന സാഗരന്‍
Published on May 15, 2025, 01:10 AM | 1 min read
തൃശൂർ
‘മോഹിനിയാട്ട നർത്തകനായ എന്നെ മാറ്റി നിർത്തുന്ന സാഹചര്യം സാംസ്കാരിക രംഗത്തുണ്ടായിരുന്നു. അത് ഇല്ലാതാക്കി കേരള കലാമണ്ഡലത്തിലെ നൃത്ത വിഭാഗത്തിൽ പുരുഷന്മാർക്ക് പ്രവേശനവും കഥകളി വിഭാഗത്തിൽ സ്ത്രീകൾക്ക് പ്രവേശനവും നൽകിയ സർക്കാരിനോട് നന്ദി അറിയിക്കുകയാണ്’–- ആർഎൽവി രാമകൃഷ്ണന്റെ വാക്കുകൾക്ക് സദസ്സിൽ കരഘോഷം. ‘ഉന്നതവിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും അസി. പ്രൊഫസറായി ജോലി ലഭിക്കാൻ വിവേചനങ്ങൾ തടസ്സമായിരുന്നു. അതെല്ലാം നീക്കി കലാമണ്ഡലത്തിൽ ജോലി ലഭ്യമാക്കിയതിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.’ കരഘോഷം ഇരട്ടിയായി.
സഹോദരൻ കലാഭവൻ മണിയുടെ സ്മാരകത്തിന്റെ നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയോടുള്ള ആർഎൽവി രാമകൃഷ്ണന്റെ പ്രധാന ആവശ്യം. കലാഭവൻ മണി സ്മാരകത്തിന്റെ നിർമാണോദ്ഘാടനം 27ന് നടക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. 2016–- 17 വർഷത്തിൽത്തന്നെ കലാഭവൻ മണി സ്മാരകത്തിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ചാലക്കുടിയിൽ 20 സെന്റ് ഭൂമിയും അനുവദിച്ചു. മൂന്നുകോടി രൂപയുടെ വിശദ പദ്ധതി രേഖ തയ്യാറാക്കി. കഴിഞ്ഞ ഏപ്രിൽ 26ന് പുതുക്കിയ ഭരണാനുമതിയും ലഭ്യമാക്കി. കേരള ഫോക്‌ലോർ അക്കാദമി മുഖേന കലാഭവൻ മണി സ്മാരക നിർമാണം വേഗത്തിൽ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.








0 comments