മാർഗരേഖ അംഗീകരിച്ചു ; നദികളിൽ മണൽവാരൽ തുടങ്ങുന്നു

തിരുവനന്തപുരം
ഒമ്പത് വർഷത്തിനുശേഷം സംസ്ഥാനത്തെ നദികളിലെ മണൽ വാരൽ പുനരാരംഭിക്കുന്നു. ഇതിനായി ശാസ്ത്ര വ്യാവസായിക ഗവേഷണ കൗൺസിൽ തയ്യാറാക്കിയ ജില്ലാതല സർവെ റിപ്പോർട്ട് റവന്യു വകുപ്പ് അംഗീകരിച്ചു. എറണാകുളം, കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട ജില്ലകളിലെ നദികളിൽനിന്ന് ഒന്നേമുക്കാൽ കോടി ടൺ മണൽ വാരാനാകുമെന്നാണ് വിലയിരുത്തൽ. ഇതുവഴി സർക്കാരിന് 1500 കോടി വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നദികളുടെ സംരക്ഷണത്തിനും മണൽക്ഷാമത്തിനും പരിഹാരം കാണുകയാണ് പ്രധാന ലക്ഷ്യം.
കേന്ദ്ര പരിസ്ഥിതി – -വനം –- കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ വിജ്ഞാപനം, മാർഗ നിർദേശം, സുപ്രീംകോടതി, ദേശീയ ഹരിത ട്രൈബ്യൂണൽ വിധിന്യായം എന്നിവ ആധാരമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2020ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ സുസ്ഥിര മണൽ വാരൽ മാർഗനിർദേശങ്ങൾക്കും നിരീക്ഷണ മാർഗങ്ങൾക്കും അടിസ്ഥാനമായാണ് പുതിയ തീരുമാനം. ജില്ലാ കലക്ടർ അധ്യക്ഷനായ സമിതികൾക്കാണ് മേൽനോട്ടം. മാനദണ്ഡങ്ങൾ പിന്നാലെ പുറത്തിറക്കും. ഭാരതപ്പുഴ, കടലുണ്ടി, ചാലിയാർ നദികളിൽ നിന്നുള്ള മണൽ ഖനനത്തിലൂടെ മാത്രം 200 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഭാരതപ്പുഴയിൽനിന്ന് മാത്രം-- 54.55 ലക്ഷം ടൺ ഖനനം ചെയ്യാനാകും. മണൽവാരൽ പുനരാരംഭിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.









0 comments