ad
Deshabhimani

അരിയ്ക്കും പച്ചക്കറിയ്ക്കും എണ്ണയ്ക്കും തീപിടിച്ച വില; ഓണത്തിന് വിപണിയിൽ കൈപൊള്ളി മലയാളികൾ

Inflation
വെബ് ഡെസ്ക്

Published on Aug 14, 2026, 03:00 PM | 3 min read

തിരുവനന്തപുരം : ഓണം അടുത്തിരിക്കെ ജനങ്ങളുടെ കൈപൊള്ളിച്ച് വിലക്കയറ്റം. അരിക്കും പച്ചക്കറിക്കും വെളിച്ചെണ്ണയ്ക്കും പുറമെ നിത്യോപയോ​ഗ സാധനങ്ങൾക്കടക്കം മിക്കവയ്ക്കും വില കുത്തനെ വർധിച്ചു. വിലക്കയറ്റം പിടിച്ചുനിർത്താനോ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കാനോ യുഡിഎഫ് സർക്കാർ തയാറാകാത്തതോടെ ഓണം പൊള്ളിക്കുമെന്ന് ഉറപ്പായി. സാധാരണക്കാർക്ക് ആശ്വാസമായിരുന്ന റേഷനരിയുടെയടക്കം വില കുത്തനെ വർധിപ്പിച്ചു. വില ഉയർന്നപ്പോൾ ഹോർട്ടികോർപ്പ് വഴി പച്ചക്കറികൾ വിലക്കുറവിൽ ലഭ്യമാക്കിയും അവശ്യ സാധനങ്ങൾ സബ്സിഡി നിരക്കിൽ സപ്ലൈകോ വഴി നൽകിയുമാണ്‌ എൽഡിഎഫ്‌ സർക്കാർ ഫലപ്രദമായി പൊതുവിപണയിൽ ഇടപ്പെട്ടിരുന്നത്‌. പൊതുവിപണിയെക്കാൾ ശരാശരി 20 മുതൽ 30 ശതമാനം കിഴിവിലായിരുന്നു വിതരണം. എന്നാൽ വിപണിയിലിടപ്പെട്ട്‌ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ യുഡിഎഫ്‌ സർക്കാർ തുടക്കം മുതൽ പരാജയപ്പെട്ടു.


അരിയുടെ വിലയാണ് ആദ്യം കുതിച്ചുയർന്നത്. പഞ്ചസാരയും പയർവർഗങ്ങളും അടക്കമുള്ള ആവശ്യവസ്തുക്കൾക്ക് വില കുത്തനെ കൂടി. ഏറ്റവുമധികം ഡിമാൻഡുള്ള അരികൾക്ക് അഞ്ച് രൂപ മുതൽ 20 രൂപ വരെ കൂടി. ഒരു മാസത്തിനിടെ വൻ വർധനയാണുണ്ടായിരിക്കുന്നത്. സർക്കാർ വിപണിയിൽ ഇടപെടാത്തതിനാൽ വില വർധന തുടരുകയാണ്. സ്ഥിതി തുടർന്നാൽ ഓണമാകുമ്പോഴേക്ക് വില ഇനിയും വർധിച്ചേക്കുമെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിൽ ഏറ്റവുമധികം ഉപയോ​ഗിക്കുന്ന മട്ട അരിക്ക് 65 രൂപയായി ഉയർന്നു. ബസ്മതി അരിക്ക് 150 രൂപയാണ് വില.


ആന്ധ്ര ജയയ്ക്ക് 42 രൂപയുണ്ടായിരുന്നത് 45 ആയി, കർണാടക വടി മട്ടയ്ക്ക് 55 രൂപയിൽനിന്ന് 58 രൂപയായി. കർണാടക പച്ചരിയുടെ വില 29.50 രൂപയിൽ നിന്ന് 32 രൂപയായും, തമിഴ്‌നാട് കുറുവയുടെ വില 34 രൂപയിൽനിന്ന് 40 രൂപയായും ഉയർന്നു. 44 രൂപയുണ്ടായിരുന്ന സിംഗിൾ മട്ടയ്‌ക്കും ഡബിൾ മട്ടയ്‌ക്കും 47 രൂപ കൊടുക്കണം. 50 രൂപയുണ്ടായിരുന്ന ജ്യോതി മട്ടയുടെ വില 57 ആയി. ജയ അരിക്ക്‌ 40 രൂപയുണ്ടായിരുന്നത്‌ 45 ആയി. ഒഡീഷ കുറുവ അരിക്ക് 34 രൂപയായിരുന്നത് 40 രൂപയായി. ആന്ധ്ര സുലേഖയ്ക്ക് 42 രൂപയായിരുന്നത് 49 രൂപയായി. തെലങ്കാന സോന മസൂരി ഇനത്തിനാണ് ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയിട്ടുള്ളത്. 45 രൂപയുണ്ടായിരുന്ന ഈ അരിയുടെ വില നിലവിൽ 65 രൂപയായാണ് കുതിച്ചുയർന്നത്. വൻഡിമാൻഡുള്ള ടൈഗർ മാർക്ക് പൊന്നി അരിക്ക്‌ 12 രൂപയാണ് വർധിച്ചത് 45 രൂപയുണ്ടായിരുന്ന അരിക്ക് 55–57 രൂപയാണ് ഇപ്പോൾ വില. ചില്ലറ വിപണിയിൽ ഉപഭോക്താക്കൾ ഇതിലും അധികം തുക നൽകേണ്ടി വരും.


പഞ്ചസാരയ്ക്ക് ഒറ്റയടിക്ക് രണ്ടര രൂപ കൂടി. വെളിച്ചെണ്ണവില 300 കടന്നു. പലയിടത്തും 350 മുതൽ 400 വരെയാണ് വില. ഇനിയും കൂടാനാണ് സാധ്യത. തേങ്ങയ്ക്കും കൊപ്രയ്ക്കും ക്ഷാമമില്ലെങ്കിലും തമിഴ്നാട്ടിലെ വെളിച്ചെണ്ണ വിപണനകേന്ദ്രങ്ങളുടെ ഇടപെടലാണ് മലയാളികൾക്ക് തിരിച്ചടിയാവുന്നത്. ആവശ്യത്തിന് സാധനങ്ങൾ ഉണ്ടായിട്ടും പൂഴ്ത്തിവെപ്പിലൂടെ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടാൻ മില്ലുകൾ സംഘടിതമായി ശ്രമിക്കുകയാണ്. ഓണം വിപണി മുന്നിൽക്കണ്ട് തമിഴ്നാട്ടിലെ വൻകിട കച്ചവടക്കാർ കൊപ്ര വ്യാപകമായി ശേഖരിച്ചിരുന്നു. ഇതോടെയാണ് 260ൽ നിന്നും വെളിച്ചെണ്ണ വില 300ലേക്ക് കടന്നത്.


പച്ചക്കറി വിലയും കുതിക്കുകയാണ്‌. രണ്ടാഴ്ചയ്ക്കിടെ പച്ചക്കറികൾക്ക്‌ പലതിനും 10 മുതൽ 50 രൂപ വരെയാണ്‌ കൂടിയത്‌. ഇഞ്ചി, തക്കാളി, ബീറ്റ്‌റൂട്ട്, ബീൻസ് എന്നിവയ്‌ക്കാണ്‌ വില ഒറ്റയടിക്ക്‌ വർധിച്ചത്‌. 200 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് 240 ആണ്‌ മൊത്ത വിപണിയിലെ ഞായറാഴ്‌ചത്തെ വില. ആകെ ആശ്വാസമായിരുന്ന തക്കാളിക്ക്‌ 20ൽ നിന്ന്‌ 40വരെയായും വില കൂടി. ബീൻസ്‌ കിലോ 70ൽ നിന്ന്‌ 120 ആയി കുത്തനെ ഉയർന്നു. വെളുത്തുള്ളിക്ക് 230 മുതൽ 280 വരെയാണ് ഈടാക്കുന്നത്.


ക്യാരറ്റിന് 60 മുതൽ 80 രൂപ വരെയാണ്‌ വ്യാപാരികൾ ഇ‍ൗടാക്കുന്നത്‌. ബീറ്റ്‌റൂട്ട്‌ കിലോ 60, പയർ 50, പാവയ്ക്ക 60, വെണ്ടയ്‌ക്ക 60, കാപ്സിക്കം 60 എന്നിങ്ങനെയാണ്‌ മറ്റ്‌ വില. ചെറിയ ഉള്ളിക്ക് 82 മുതൽ 110 രൂപ വരെയുണ്ട്‌. മുരിങ്ങയ്‌ക്ക്‌ 70 മുതൽ 80 വരെയും വഴുതനയ്ക്ക് 90 മുതൽ 110 വരെയുമാണ്‌ വിപണി വില. തേങ്ങയ്ക്ക് 70 മുതൽ 85 വരെ ഈടാക്കുന്നുണ്ട്. സവാളയ്ക്ക് 50 രൂപയും ചെറിയ ഉള്ളിക്ക് 70 മുതൽ 85 വരെയുമാണ് വില. പച്ചമുളകിനും വില കൂടി. 90 രൂപവരെ വാങ്ങുന്നുണ്ട്. വിപണിയിൽ ഇത്രയും ബുദ്ധിമുട്ടുകൾ നേരിട്ടിട്ടും സർക്കാർ ചെറുവിരൽ പോലും അനക്കാത്തത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു.


റേഷൻകടവഴി വിതരണം ചെയ്യുന്ന പ്രത്യേക അരിയുടെ വില ഒന്നര ഇരട്ടിയിലധികം വര്‍ധിപ്പിച്ചു. കഴിഞ്ഞവർഷം എൽഡിഎഫ്‌ സർക്കാർ കിലോയ്‌ക്ക്‌ 10.90 രൂപ നിരക്കിൽ വിതരണംചെയ്‌ത അരിക്കാണ് 15.10 രൂപ കൂട്ടി 26 രൂപയാക്കിയത്‌. വിതരണം ചെയ്യുന്ന അരിയുടെ അളവും കുറച്ചു. മുൻഗണനാ വിഭാഗത്തിന്‌ (പിങ്ക്‌ കാർഡ്‌) നൽകിയ അഞ്ചുകിലോ പ്രത്യേക അരി മൂന്നുകിലോയാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home