അരി സ്റ്റോക്കിന് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്രാനുമതി

ന്യൂഡൽഹി
: കേരളം ഉൾപ്പടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അരിവില നിയന്ത്രിക്കുന്നതിനും പൂഴ്‌ത്തിവയ്‌പ് തടയുന്നതിനുമായി അരി, നെല്ല് സ്റ്റോക്ക് പരിധി ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിന്റെ അനുമതി. കേരളം, ആന്ധ്രപ്രദേശ്, കർണാടകം, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കാണ് ഇതുസംബന്ധിച്ച നിയന്ത്രണ ഉത്തരവുകൾ ഇറക്കാൻ കേന്ദ്ര ഉപഭോക്‌തൃകാര്യ, ഭക്ഷ്യ–പൊതുവിതരണ മന്ത്രാലയം അനുമതി നൽകിയത്. 2027 ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരാം. മൊത്ത വ്യാപാരികൾ, ചില്ലറ വ്യാപാരികൾ, വൻകിട റീട്ടെയിൽ ശൃംഖലകൾ, അരി മില്ലുടമകൾ തുടങ്ങിയവർ എല്ലാ വെള്ളിയാഴ്‌ചയും കൈവശമുള്ള സ്റ്റോക്കിന്റെ വിശദാംശങ്ങൾ കേന്ദ്ര ഭക്ഷ്യ വകുപ്പിന്റെ പോർട്ടൽ മുഖേന വെളിപ്പെടുത്തണം.
ബസ്‌മതി, ബസ്‌മതി ഇതര പ്രീമിയം അരി, പുഴുങ്ങലരി, നുറുക്കരി, നെല്ല് തുടങ്ങിയവയുടെ സ്റ്റോക്ക് വിവരങ്ങളാണ് വെളിപ്പെടുത്തേണ്ടത്.
അരി പൂഴ്‌ത്തിവയ്പും അനാവശ്യ വിലക്കയറ്റവും തടയുക, വിപണിയിൽ അരിയുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ ഉറപ്പുവരുത്താനാണ് നടപടികളെന്നാണ് വിശദീകരണം.
സെപ്‌തംബറിൽ രാജ്യത്ത് അരിയുടെ ചില്ലറ വിലക്കയറ്റം 8.25 ശതമാനമായിരുന്നു. ആഗസ്‌തിൽ 5.89 ശതമാനവും. മഴക്കുറവും നെൽകൃഷിയിലെ ഇടിവും അടുത്ത വിളവെടുപ്പിനെക്കുറിച്ച് ഗുരുതര ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിൽ കൂടിയാണ് സർക്കാർ ഇടപെടൽ. വിപണിയിൽ അരിലഭ്യത വർധിപ്പിക്കുന്നതിന് നാഫെഡ്, നാഷണൽ കോഓപറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയ ഏജൻസികൾക്ക് അധികമായി ഭാരത് റൈസ് അനുവദിക്കും.









0 comments