print edition ധർണയിൽ പങ്കെടുത്തതിന് പ്രതികാര നടപടി; എജീസ് ഓഫീസിലെ 47 പേരുടെ ഇൻക്രിമെന്റ് തടഞ്ഞു


സ്വന്തം ലേഖകൻ
Published on Jul 23, 2026, 12:02 AM | 1 min read
തിരുവനന്തപുരം : ഓഫീസ് സമയത്തിനുശേഷം കോംപൗണ്ടിന് പുറത്ത് ജോലിയെ തടസ്സപ്പെടുത്താതെ നടത്തിയ ധർണയിൽ പങ്കെടുത്ത അക്കൗണ്ടന്റ് ജനറൽ ഓഫീസിലെ 47 ജീവനക്കാരുടെ വാർഷിക ഇൻക്രിമെന്റ് തടഞ്ഞ് പ്രതികാരം. അക്കൗണ്ടന്റ് ജനറൽ ജീവനക്കാരെ മുറിയിൽ വിളിച്ചുവരുത്തി അധിക്ഷേപിച്ചതിന് പുറമെയാണ് ശിക്ഷ. അധിക്ഷേപം സകലപരിധിയുംവിട്ട് അസഭ്യത്തിലെത്തിയപ്പോഴാണ് ഫെബ്രുവരി 11ന് ജീവനക്കാർ ധർണ നടത്തിയത്.
രാജ്യത്തെ ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ സേവനം കൈകാര്യം ചെയ്യുന്ന എജീസ് ഓഫീസാണ് കേരളത്തിലേത്. സംസ്ഥാന സർക്കാരിന്റെ വരവുചെലവ് കണക്ക് സൂക്ഷിക്കൽ, 3.5 ലക്ഷം സംസ്ഥാന ജീവനക്കാരുടെ പെൻഷൻ, പിഎഫ്, ഗസറ്റഡ് ജീവനക്കാരുടെ പേ സ്ലിപ് എന്നിവ നൽകൽ തുടങ്ങിയ പ്രധാന ജോലികൾ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ മന്ദഗതിയിലാണ്. ആവശ്യമായതിന്റെ 40 ശതമാനത്തിൽത്താഴെ ജീവനക്കാരാണുള്ളത്. ആയിരത്തിലേറെ ഒഴിവുകളുണ്ട്.
ഓരോ മാസവും വിരമിക്കുന്നവരുടെ ഒഴിവും നികത്തുന്നില്ല. ആ ജോലിഭാരവും നിലവിലുള്ള ജീവനക്കാരുടെ ചുമലിലാണ്. അവധി ദിവസങ്ങളിലും ഓഫീസ് സമയം കഴിഞ്ഞും ജോലി ചെയ്യാൻ ജീവനക്കാർ നിർബന്ധിതരാകുന്നു. അധിക്ഷേപം പരിധിവിട്ടപ്പോഴാണ് ജീവനക്കാരുടെ സംഘടനയായ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് അസോസിയേഷൻ ധർണ നടത്തിയത്. അതിനാണ് 47 ജീവനക്കാരുടെ വാർഷിക വേതന വർധന ഒരു വർഷത്തേക്ക് തടഞ്ഞത്. സംഘടനയുടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെ സ്ഥലംമാറ്റുകയും ചെയ്തു.










0 comments