ഓണം കണ്ടറിയാൻ അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം സംഘം : പി എ മുഹമ്മദ് റിയാസ്

P A Muhammad Riyas
വെബ് ഡെസ്ക്

Published on Sep 04, 2025, 12:00 AM | 1 min read


തിരുവനന്തപുരം

മലയാളിയുടെ ഓണാഘോഷത്തില്‍ പങ്കുചേരാനും നാടും നഗരവും തനത് ജീവിതവും കണ്ടറിയാനും അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം സംഘം കേരളത്തിൽ. കേരള ടൂറിസത്തിന്റെ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി സംഘം വ്യാഴം മുതൽ 11 വരെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കേരള ഉത്തരവാദിത്വ ടൂറിസം മിഷന്‍ സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.


കേരളത്തിന്റെ സാംസ്കാരികോത്സവമായ ഓണത്തെ ലോകത്തിന് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഉത്തരവാദിത്വ ടൂറിസം പ്രതിനിധി സംഘത്തെ സംസ്ഥാനത്ത് എത്തിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്റെ ഉത്തരവാദിത്വ ടൂറിസം മാതൃകകള്‍, ഓണാഘോഷത്തിന്റെ സവിശേഷതകള്‍, ഗ്രാമീണ ജീവിതത്തിന്റെ വൈവിധ്യങ്ങള്‍ എന്നിവ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയും കള്‍ച്ചറല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യുകെ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, വിയറ്റ്നാം, തായ്‌വാന്‍, നേപ്പാള്‍, ശ്രീലങ്ക, റൊമാനിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ള ഉത്തരവാദിത്വ ടൂറിസം നേതാക്കള്‍, അക്കാദമീഷ്യന്മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.


സംസ്ഥാനത്തെ സ്ത്രീസൗഹൃദ വിനോദസഞ്ചാരം, ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് ടൂറിസം, ഗ്രാമജീവിത അനുഭവം, സ്ട്രീറ്റ് പെപ്പര്‍ മോഡല്‍, ആര്‍ടി വില്ലേജ് പദ്ധതികള്‍ തുടങ്ങിയവ സംഘത്തിന് മുന്നില്‍ അവതരിപ്പിക്കും. ഉത്തരവാദിത്വ ടൂറിസം വിദഗ്ധരും പ്രചാരകരും ഗവേഷകരും കലാപ്രവര്‍ത്തകരും ഭാഗമാകും. കുമരകം, മറവന്‍തുരുത്ത്, അയ്‌മനം, പെരുമ്പളം, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

ഗ്രാമങ്ങളിലെ ഓണാഘോഷം, തിരുവാതിരകളി, പൂക്കളം തയ്യാറാക്കല്‍, വില്ലേജ് ടൂറിസം പാക്കേജ്, സ്ത്രീസൗഹൃദ ടൂറിസം പാക്കേജ്, ഹോംസ്റ്റേ, ഓണസദ്യ തയ്യാറാക്കല്‍, പ്രാദേശിക ക്ലബ്ബുകളുടെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കല്‍, ഓണച്ചന്തകളിലെ സന്ദര്‍ശനം എന്നിവയും പരിപാടിയുടെ ഭാഗമാണ്‌. തൃശൂരില്‍ പുലികളിയിലും കുമരകം കവണാറ്റിന്‍കര ജലോത്സവത്തിലും തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപന ഘോഷയാത്രയിലും സംഘം പങ്കെടുക്കും.




deshabhimani section

Related News

View More
0 comments
Sort by

Home