സാമ്പത്തിക കെടുകാര്യസ്ഥത: കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിനെതിരെ റിസർബ് ബാങ്ക് നടപടി

തൃശൂർ : കെപിസിസി സെക്രട്ടറി എം പി ജാക്സൻ ചെയർമാനായ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിനെതിരെ റിസർബ് ബാങ്കിന്റെ കർശന നടപടി. ആർബിഐ നിബന്ധനകൾ ലംഘിച്ച് മൂലധനം സംരക്ഷിക്കാതെ വഴിവിട്ട വായ്പകൾ നൽകിയുണ്ടാക്കിയ ഗുരുതര സാമ്പത്തിക കെടുകാര്യസ്ഥതയാണ് കർശന നടപടിയിലേക്ക് വഴി തുറന്നത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബോർഡുമായും മാനേജ്‌മെന്റുമായും ഇടപെട്ടിട്ടും പ്രശ്നങ്ങൾ പരിഹരിച്ചില്ല. തുടർന്നാണ് 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 35 എ, 56 പ്രകാരമുള്ള നടപടിയിലേക്ക് കടന്നതെന്ന് ആർബിഐ അറിയിപ്പിൽ പറയുന്നു. നടപടി ജൂലൈ 30 മുതൽ പ്രാബല്യത്തിൽ വന്നു.
ഉത്തരവ് പ്രകാരം ആർബിഐയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതി വാങ്ങാതെ ഇനി ബാങ്കിന് പുതിയ വായ്പ അനുവദിക്കാനോ പുതുക്കാനോ നിക്ഷേപങ്ങൾ നടത്താനോ സാധിക്കില്ല. പണം കടം വാങ്ങാനോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ പാടില്ല. ചെലവുകൾ നടത്താൻ പാടില്ല. സ്വത്തുക്കളോ ആസ്തികളോ വിൽക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല. നിക്ഷേപകർക്ക് സേവിംഗ്സ് ബാങ്കിലോ കറന്റ് അക്കൗണ്ടിലോ മറ്റേതെങ്കിലും അക്കൗണ്ടിലോ ഉള്ള മൊത്തം സംഖ്യയിൽ നിന്ന് 10,000 രൂപ മാത്രമാണ് പിൻവലിക്കാൻ അനുമതി.
ഉപഭോക്താവിന് വായ്പയും നിക്ഷേപവും ഉണ്ടെങ്കിൽ ആർബിഐ വ്യവസ്ഥകൾക്ക് വിധേയമായി ക്രമീകരിക്കാം. ബാങ്കിൽ നിന്ന് എല്ലാ പണവും തിരികെ ലഭിച്ചില്ലെങ്കിൽ നിക്ഷേപകർക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപറേഷൻ പരിരക്ഷക്ക് സമീപിക്കാം. ഇതുപ്രകാരം മൊത്തം നിക്ഷേപത്തിന്റെ അഞ്ച് ലക്ഷം വരെയാണ് ലഭിക്കുക. അടിസ്ഥാന പ്രവർത്തന ആവശ്യങ്ങളായ ജീവനക്കാരുടെ ശമ്പളം, വാടക, വൈദ്യുതി ബില്ലുകൾ, മറ്റ് അവശ്യ ബില്ലുകൾ എന്നിവക്ക് മാത്രം പണം ചെലവ് ചെയ്യാം. ആറ് മാസത്തേക്കാണ് നടപടി. ഇത് പുനരവലോകനത്തിന് വിധേയമാവും. ബാങ്ക് സാമ്പത്തിക സ്ഥിതിക്കനുസരിച്ച് നടപടികളിൽ മാറ്റം വരും.








0 comments