ഭിന്നശേഷി സംവരണ നിയമനം: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ കർശന നടപടി- മന്ത്രി

sivankutty
വെബ് ഡെസ്ക്

Published on Sep 30, 2025, 06:49 PM | 1 min read

തിരുവനന്തപുരം : ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് ചില മാനേജ്‌മെന്റുകൾ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികൾ നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ലെന്നും ഒഴിവുകൾ ബോധപൂർവം റിപ്പോർട്ട് ചെയ്യാത്ത മാനേജ്‌മെന്റുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


PWD Act 1995, RPWD Act 2016 എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള സുപ്രീംകോടതി വിധിയാണ് സർക്കാർ നടപ്പിലാക്കുന്നത്. ഈ വിഷയത്തിൽ കേസുകൾ വന്നപ്പോഴോ വിധി വന്നപ്പോഴോ മാനേജ്‌മെന്റുകൾ കോടതിയിൽ കക്ഷി ചേരാനോ തങ്ങളുടെ ഭാഗം വിശദീകരിക്കാനോ തയ്യാറായിരുന്നില്ല. വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ തലങ്ങളിൽ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. എന്നാൽ, വിരലിലെണ്ണാവുന്ന മാനേജ്‌മെന്റുകൾ മാത്രമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ മുന്നോട്ട് വന്നിട്ടുള്ളത്. ഏകദേശം അയ്യായിരത്തോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ട സ്ഥാനത്ത് ഇതുവരെ ആയിരത്തി അഞ്ഞൂറ് ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ള ഒഴിവുകൾ എന്തുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നില്ല എന്ന് മാനേജ്‌മെന്റുകൾ വ്യക്തമാക്കണം.


വസ്തുതകൾ മറച്ചുവെച്ച് പ്രതിരോധം തീർക്കുന്നത് അംഗീകരിക്കാനാവില്ല. എൻഎസ്എസ് മാനേജ്‌മെന്റിന് മാത്രമാണ് നിയമന അംഗീകാരത്തിന് പ്രത്യേക അനുവാദം ലഭിച്ചത് എന്ന അഡ്വക്കേറ്റ് ജനറലിന്റെയും ലോ സെക്രട്ടറിയുടെയും നിയമോപദേശം നിയമസഭയിൽ വ്യക്തമാക്കിയതാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നൽകുന്ന പട്ടികയിൽ നിന്ന് മാനേജ്‌മെന്റുകൾ നിയമിക്കുന്ന ഉദ്യോഗാർഥികൾക്ക് നിയമന അംഗീകാരം നൽകുക മാത്രമാണ് വകുപ്പ് ചെയ്യുന്നത്. അതിനാൽ നിയമനം നടത്താൻ സർക്കാരിന് സാധിക്കുന്നില്ല എന്ന വാദം അടിസ്ഥാനരഹിതമാണ്.


റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിയമന അംഗീകാരം നൽകാൻ സർക്കാർ നടപടി സ്വീകരിക്കും. ഇനിയും എത്ര ഒഴിവുകളാണ് മാനേജ്‌മെന്റുകൾ റിപ്പോർട്ട് ചെയ്യാനുള്ളതെന്നും ഏതൊക്കെ മാനേജ്‌മെന്റുകളാണ് വീഴ്ച വരുത്തുന്നതെന്നും വകുപ്പ് തലത്തിൽ പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home