Deshabhimani

ഗവേഷണം സമ്പദ്‌ഘടനയുമായി 
വിളക്കിച്ചേർക്കണം: മുഖ്യമന്ത്രി

pinarayi vijayan cm press meet
വെബ് ഡെസ്ക്

Published on May 18, 2025, 12:28 AM | 1 min read

തിരുവനന്തപുരം: ഗവേഷണം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അവയെ സമ്പദ്‌ഘടനയുമായി വിളക്കിച്ചേർക്കാനുള്ള ഇടപെടൽകൂടിയാണ്‌ കേരളം നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ ശാസ്‌ത്ര സാങ്കേതിക ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും പ്രാധാന്യം നൽകാതിരിക്കുമ്പോഴാണ്‌ ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ വാർഷികത്തിന്റെ ഭാഗമായി നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ പ്രൊഫഷണലുകളുമായുള്ള കൂടിക്കാഴ്‌ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാലയും ഡിജിറ്റൽ സയൻസ്‌ പാർക്കും കേരളത്തിലാണ്‌. 600 കോടിരൂപ ചെലവിൽ മൂന്നു സയൻസ്‌ പാർക്കുകൂടി ഒരുങ്ങുന്നു. പല വികസ്വര രാജ്യങ്ങളും ജിഡിപിയുടെ മൂന്നു ശതമാനം ഗവേഷണത്തിന്‌ ചെലവിടുമ്പോൾ ഇന്ത്യയിൽ ഇത്‌ 0.60 ശതമാനം മാത്രമാണ്‌. ഫെലോഷിപ്പുകളുടെ എണ്ണം പകുതിയായി. നെഹ്‌റു ഫെലോഷിപ്പ്‌ മുടങ്ങിയിട്ട്‌ അഞ്ചുവർഷമായി. ഗവേഷണം പ്രോത്സാഹിപ്പിക്കാനാണ്‌ കേരളം കൈളി റിസർച്ച്‌ പുരസ്‌കാരം നൽകുന്നത്‌. നവകേരള സൃഷ്‌ടിക്ക്‌ അനുയോജ്യമായ ഗവേഷണത്തിനുള്ള ചീഫ്‌ മിനിസ്‌റ്റേഴ്‌സ്‌ ഫെലോഷിപ്പിന്‌ 14 കോടിയിലധികമാണ്‌ ചെലവഴിച്ചത്‌. സെന്റർ ഓഫ്‌ എക്‌സലൻസിന്‌ 38 കോടി രൂപ ബജറ്റിൽ നീക്കിവച്ചു.


ഗവേഷണഫലം താഴേത്തട്ടിൽ എത്തിക്കാൻ സർവകലാശാലകൾ കേന്ദ്രീകരിച്ച്‌ 200 കോടി രൂപ മുടക്കി ട്രാൻസ്‌ലേഷൻ റിസർച്ച്‌ ലാബുകൾ സ്ഥാപിക്കുന്നു. സർവകലാശാലാ പഠന ഗേവഷണ വിഭാഗവും സർക്കാർ മേഖലകളും സഹകരിച്ചുള്ള പ്രവർത്തനത്തിന്‌ ട്രിപ്പിൾ ഫെലിക്സ്‌ മാതൃക 8985 സ്ഥാപനങ്ങളിൽ നടപ്പാക്കി. വിദ്യാർഥികൾക്കുവേണ്ടിയുള്ള ഇന്നവേഷൻ ചലഞ്ചിൽ പ്രാഥമികഘട്ടത്തിൽ 9957 പേർ വിജയിച്ചു. 2445 ജില്ലാ വിജയികളെയും 432 സംസ്ഥാന വിജയികളെയും തെരഞ്ഞെടുത്തു. നൂതന സാങ്കേതികവിദ്യ രജിസ്‌റ്റർചെയ്യാനായുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ 190 ആശയങ്ങൾ ലഭിച്ചു. ബ്ലോക്കുതല ഇന്നവേഷൻ ക്ലസ്റ്ററുകൾ രൂപീകരിച്ചുവരുന്നു. ആരോഗ്യമേഖലയിൽ ഇന്നവേഷൻ സോൺ എമർജിങ്‌ ടെക്‌നോളജി നടപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home