മൂത്രമൊഴിക്കാന്‍ ബസ് നിര്‍ത്താനാവശ്യപ്പെട്ടു; യുവാവിന് ക്ലീനറുടെ മർദ്ദനം

നിലമ്പൂര്‍: മൂത്രമൊഴിക്കാന്‍ ബസ് നിര്‍ത്താനാവശ്യപ്പെട്ട യാത്രക്കാരനായ യുവാവിനെ ക്ലീനര്‍ മര്‍ദ്ദിച്ചു. ബംഗളൂരുവില്‍ നിന്നും നിലമ്പൂരിലേക്ക് വരികയായിരുന്ന വഴിക്കടവ് സ്വദേശി അലന്‍ തോമസിന്(23) ആണ് പരിക്കേറ്റത്. പരിക്കറ്റ അലന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പരാതിയെ തുടര്‍ന്ന് ബംഗളൂരു-പെരിന്തല്‍മണ്ണ റൂട്ടില്‍ ഓടുന്ന സാം ട്രാവല്‍സ് എന്ന ബസിലെ ക്ലീനര്‍ വയനാട് തിരുനെല്ലി പനവല്ലി ചൂരപ്ലാക്കല്‍ അനീഷിനെ(31) പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച്ചയാണ് ബംഗ്ലൂരുവില്‍ നിന്നും അലന്‍ കേരളത്തിലേക്ക് യാത്ര തിരിച്ചത്. യാത്രമധ്യേ പുലര്‍ച്ചെ 4.30ന് മൂത്രശങ്ക തീര്‍ക്കാന്‍ ബസ് നിര്‍ത്താന്‍ അവശ്യപ്പെട്ടെങ്കിലും ക്ലീനര്‍ വഴങ്ങിയില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞ് ബസ് നിര്‍ത്തിത്തരണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ അനീഷ് അസഭ്യം പറഞ്ഞെന്ന് അലന്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍ പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തിക്കൊടുത്തു. എന്നാല്‍ 7.30ന് നിലമ്പൂരില്‍ ബസ് നിര്‍ത്തിയപ്പോള്‍ പുറത്തിറങ്ങിയ അലന്‍ ലഗേജ് എടുക്കുന്നതിനിടെ പ്രകോപനം കൂടാതെ എന്തോ ആയുധം ഉപയോഗിച്ച് അനീഷ് ആക്രമിക്കുകയായിരുന്നു. നിലത്ത് വീണപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു. ബസ് വിട്ടുപോകുകയും ചെയ്തു. പിന്നീട് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വധഭീഷണിക്കും മര്‍ദ്ദിച്ചതിനും കേസെടുത്തു. പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.










0 comments