ad
Deshabhimani

ഇഎംഎസ് സ്മരണ എൽഡിഎഫിന്‌ കരുത്തുപകരുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

ഇഎംഎസ് സ്മരണ എൽഡിഎഫ് ന് കരുത്തുപകരുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

ഇഎംഎസ് (ഇടത്) പിണറായി വിജയൻ (വലത്)

വെബ് ഡെസ്ക്

Published on Mar 19, 2026, 02:31 PM | 2 min read

തിരുവനന്തപുരം : ഇഎംഎസ് ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള മോഡൽ വികസനത്തിന്‌ അടിത്തറയിട്ടത്‌ ഇഎംഎസിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ഐക്യകേരളത്തിലെ ആദ്യമന്ത്രിസഭയാണ്‌.


കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസും ഭൂപരിഷ്കരണ നടപടികളും വിദ്യാഭ്യാസ ബില്ലുമെല്ലാം ജാതി-ജന്മി-നാടുവാഴിത്തത്തിന്റെ സാമ്പത്തിക-അധികാര ഘടനകളെ പൊളിച്ചെഴുതാൻ ശേഷിയുള്ളവയായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ലോകശ്രദ്ധ നേടിയ കേരള മോഡലിന്റെ ശില്പി ആയിരിക്കുമ്പോൾ തന്നെ, അതിനെ ക്രിയാത്മകമായ വിമർശനത്തിന് വിധേയമാക്കാനും സഖാവ് ഇഎംഎസിന് മടിയുണ്ടായിരുന്നില്ല എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.



ഫേസ്ബുക്ക് കുറിപ്പ്,

ഇന്ന് ഇഎംഎസ് ദിനം.

ഭരണകർത്താവ്, സാമൂഹ്യപരിഷ്കർത്താവ്, വിപ്ലവകാരി, ചിന്തകൻ എന്നിങ്ങനെ സഖാവ് ഇഎംഎസിനോളം കേരളത്തിൻ്റെ ചരിത്രഗതിയെ സ്വാധീനിച്ച മറ്റൊരു രാഷ്ട്രീയ വ്യക്തിത്വമില്ല. ഇ എം എസ്സിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ഐക്യ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയാണ് കേരള മോഡൽ വികസനത്തിന് അടിത്തറയിട്ടത്. കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസും ഭൂപരിഷ്കരണ നടപടികളും വിദ്യാഭ്യാസ ബില്ലുമെല്ലാം ജാതി ജന്മി നാടുവാഴിത്തത്തിന്റെ സാമ്പത്തിക അധികാരഘടനകളെ പൊളിച്ചെഴുതാൻ പ്രഹരശേഷിയുള്ളവയായിരുന്നു.


ലോകത്താകെ ശ്രദ്ധിക്കപ്പെട്ട കേരള മോഡലിൻ്റെ ശില്പി ആയിരിക്കുമ്പോൾ തന്നെ, അതിനെ ക്രിയാത്മകമായി വിമർശന വിധേയമാക്കാനും സഖാവ് ഇ എം എസ്സിന് മടിയുണ്ടായില്ല. കേരള മോഡൽ ഉയർന്ന ഗുണനിലവാരം നിലനിർത്തി മുന്നോട്ടുപോകാൻ, നവലിബറൽ വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള ബദൽ നയങ്ങൾക്കും

സേവന-ക്ഷേമ മേഖലകളിലെ മുന്നേറ്റത്തിനുമൊപ്പം സാമ്പത്തിക വളർച്ചയുമുണ്ടാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സ് എന്ന ആശയം ഇതിനെ തുടർന്നാണ് ഉരുത്തിരിഞ്ഞത്.


ഇ എം എസ്സിന്റെ നേതൃത്വത്തിൽ 1994-ൽ നടന്ന ഒന്നാം കേരള പഠന കോൺഗ്രസ്സ് മുതൽ 2016-ലെ നാലാം കേരള പഠന കോൺഗ്രസ്സ് വരെയുള്ളവ കേരള മോഡലിനെ കാലോചിതമായി പുതുക്കാനും കേരള വികസനത്തിന് ശരിയായ ദിശാബോധം നൽകാനും സഹായകമായി.

കേരളത്തിൻ്റെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് ഇ എം എസ്സ് മുന്നോട്ടു വച്ചിരുന്ന ആശയങ്ങളെ വിപുലീകരിച്ചുകൊണ്ടു തന്നെയാണ് എൽഡിഎഫ് സർക്കാർ പത്തു വർഷം പൂർത്തിയാക്കുന്നത്. ഈ ബദൽ വികസന മാതൃകയ്ക്ക് വരും വർഷങ്ങളിൽ തുടർച്ചയുണ്ടാകേണ്ടതിനെക്കുറിച്ചുള്ള ആലോചനകളാണ് ഈയിടെ നടന്ന അഞ്ചാം കേരള പഠന കോൺഗ്രസ്സ് ചർച്ച ചെയ്തത്.


ഭാവി കേരളത്തിന്റെ വികസന അജണ്ട നിശ്ചയിക്കുന്നതിൽ നമുക്കു വഴികാട്ടിയാവുന്നതും ഇ എം എസ്സ് തന്നെയാണെന്ന് നിസ്സംശയം പറയാം. നവലിബറൽ നയങ്ങൾക്ക് ബദൽ തീർത്തുകൊണ്ടും ജനപക്ഷ വികസനം ഒരുക്കിക്കൊണ്ടുമുള്ള കേരളത്തിന്റെ മുന്നേറ്റത്തിന് സഖാവ് ഇ എം എസ്സിന്റെ ഉജ്ജ്വല സ്മരണ നമുക്കു കരുത്താകും.

ഇന്ന് ഇഎംഎസ് ദിനത്തിൽ ധർമ്മടം നിയോജക മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണ്. ഇന്നലെ ചേർന്ന മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് പത്തനാപുരം ഗാന്ധിഭവനിലെ പ്രിയപ്പെട്ടവർ സ്ഥാനാർത്ഥി എന്ന നിലയിൽ കെട്ടിവെക്കാനുള്ള തുക നൽകിയത് സവിശേഷമായ ഒരു അനുഭവമായിരുന്നു. ഇഎംഎസിന്റെ ഉജ്വലസ്മരണയും ഏറ്റവും പ്രിയപ്പെട്ടവരുടെ സ്നേഹവായ്പ്പും എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണയും ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപരാജിതമായ കരുത്ത് പകരും.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home