രജിസ്ട്രാറുടെ മുറിയില്‍ ഗുണ്ടായിസം കാണിച്ചതിന് രജിസ്ട്രാര്‍ കസേര

തിരുവനന്തപുരം : എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല രജിസ്ട്രാറോട് മോശമായി പെരുമാറിയതിന് സസ്പെൻഷനിലായ ഉദ്യോഗസ്ഥന് രജിസ്ട്രാർ പദവി നൽകി താൽക്കാലിക വൈസ് ചാൻസലർ. 2022ൽ അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന ജി ഗോപിനെയാണ് വിസി ഡോ. കെ ശിവപ്രസാദ് ആറുമാസത്തേക്ക് രജിസ്‌ട്രാർ ചുമതല നൽകിയത്. ഗോപിനും സംഘവും നേരത്തെ രജിസ്ട്രാറുടെ മുറിയിൽ അതിക്രമിച്ച് കയറുകയും മോശമായി പെരുമാറുകയും ചെയ്‌തതിന് നടപടി നേരിട്ടവരാണ്.
മദ്യപിച്ച് സഹപ്രവർത്തകരോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ അനുകൂലിച്ചായിരുന്നു ഗോപിന്റെയും സംഘത്തിന്റെയും അതിക്രമം. ഡോ. കെ ശിവപ്രസാദ് വിസി ആയപ്പോൾ ഗോപിനെ പ്രത്യേക താത്‌പര്യപ്രകാരം പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തി. ഇതിനുപിന്നാലെയാണ് രജിസ്ട്രാർ ചുമതല നൽകുന്നത്. ഇതേകേസിൽ സസ്‌പെൻഷനിലായിരുന്ന ഇപ്പോഴത്തെ ഡെപ്യൂട്ടി രജിസ്ട്രാറെ സമാന സ്വഭാവമുള്ള കേസിന്റെ അന്വേഷണച്ചുമതലയും നൽകിയിരിക്കയാണ്.
ഡ്യൂട്ടിക്ക് എത്താത്തത് ചോദ്യംചെയ്ത മേലുദ്യോഗസ്ഥനെ അസ്യഭം പറഞ്ഞുവെന്ന പരാതിയുടെ അന്വേഷണത്തിന്റെ മൂന്നംഗ സമിതിയിലാണ് ഗോപിനൊപ്പം സസ്പെൻഷനിലായ ടി എസ് സലിൽ റോഷനെ അംഗമാക്കിയത്. സർവകലാശാലയുടെ പ്രധാന ചുമതലകളിലേക്കും സമിതികളിലേക്കും ചൊൽപ്പടിക്ക് നിൽക്കുന്നവരെ റിക്രൂട്ട് ചെയ്യുകയെന്ന ആർഎസ്എസ് നിർദേശമാണ് വിസി നടപ്പാക്കുന്നത്.








0 comments