ഇനി പവർഫുൾ വിശ്രമം; 63 ‘റിഫ്രഷ് ആൻഡ് റീചാർജ്’ സെന്ററുകൾ ഒരുങ്ങുന്നു

കെഎസ്‌ഇബി ഒരുക്കുന്ന റീഫ്രഷ് ആൻഡ് റീചാർജിങ് കേന്ദ്രത്തിന്റെ മാതൃക

സ്വാതി സുജാത
Published on Oct 13, 2025, 12:01 AM | 1 min read
തിരുവനന്തപുരം : ഇനി നമുക്ക് പവർഫുള്ളായി യാത്ര ചെയ്യാം, വൃത്തിയോടെ വിശ്രമിക്കാം. സംസ്ഥാനത്തെ 63 ഇവി ചാർജിങ് കേന്ദ്രങ്ങൾ വിശ്രമത്തിനും വിനോദത്തിനും അവസരമൊരുക്കുന്ന ‘റിഫ്രഷ് ആൻഡ് റീചാർജ്’ നിലവാരത്തിലേക്ക് ഉയരുന്നു. തിരുവനന്തപുരത്ത് അഞ്ച്, കൊല്ലം – അഞ്ച്, പത്തനംതിട്ട– മൂന്ന്,ആലപ്പുഴ – ഒന്ന്, കോട്ടയം – മൂന്ന്, ഇടുക്കി–മൂന്ന്, എറണാകുളം –10, തൃശൂർ– 11, പാലക്കാട്– അഞ്ച്, മലപ്പുറം– മൂന്ന്, കോഴിക്കോട് – എട്ട്, വയനാട്– രണ്ട്, കണ്ണൂർ–മൂന്ന്, കാസർകോട്– ഒന്ന് വീതം സബ്‌സ്‌റ്റേഷനുകളാണ് ‘റിഫ്രഷ് ആൻഡ് റീചാർജ് കേന്ദ്രങ്ങളായി മാറുന്നത്.
ശുചിമുറി, വിശ്രമമുറി, കഫ്‌റ്റീരിയ എന്നിവയുൾപ്പെടെ സൗകര്യങ്ങളാകും ഒരുക്കുക. ഒരേസമയം നാല് വാഹനങ്ങൾ ചാർജുചെയ്യാം. അതിവേഗ ചാർജിങ് സാധ്യമാകുന്ന കേന്ദ്രങ്ങൾക്ക് ഏകീകൃത രൂപരേഖയാണ് പരിഗണിക്കുന്നത്. ചാർജിങ് സെന്ററുകളിൽ പ്രീപെയ്ഡ് രീതിക്ക് പകരം ക്യു ആർ കോഡ് വഴി പണം അടയ്‌ക്കാനാകുന്ന ആപ്പ്‌ലെസ് പദ്ധതി, വാഹനങ്ങളുടെ ഡാഷ്‌ബോർഡ് സ്‌ക്രീനുകളിൽ, ഗൂഗിൾ മാപ്പും മാപ്പ് മൈ ഇന്ത്യയുമടക്കം മാപ്പ് പ്ലാറ്റ്‌ഫോമുകളിലൂടെ ചാർജിങ് സ്‌റ്റേഷനുകളെ അടയാളപ്പെടുത്തൽ എന്നിവയുമുണ്ടാകും. പദ്ധതി നടത്തിപ്പിനുള്ള ടെൻഡർ 18ന് തുറക്കും.
വൈദ്യുത വാഹനത്തോട് പ്രിയമേറേ
വൈദ്യുത വാഹനങ്ങൾക്ക് (ഇവി) ക്ക് പ്രിയമേറുന്നുവെന്ന് കെഎസ്‌ഇബി റിപ്പോർട്ട്. 2022 മുതൽ ഇവി വിൽപനയിൽ ക്രമാനുഗത വർധനവ് പ്രകടമാണ്. കഴിഞ്ഞ രണ്ടുവർഷമായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളിൽ 10 ശതമാനത്തിലധികം ഇവിയാണ്. സംസ്ഥാനത്ത് ഇവി വിൽപനയിൽ കൂടുതൽ ഇരുചക്രവാഹനങ്ങളും കാറുകളുമാണ്. ദേശീയതലത്തിൽ 61.8 ലക്ഷം ഇവി രജിസ്റ്റർ ചെയ്പ്പോൾ കേരളത്തിൽ 2.53 ലക്ഷം രജിസ്ട്രേഷൻ നടന്നു. 2026ൽ ആകെ വാഹനങ്ങളുടെ 15 ശതമാനം ഇവിയാക്കുകയാണ് ലക്ഷ്യം. 2030ഓടെ 27 ശതമാനത്തിൽ എത്തണമെന്നും ഇതോടെ വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന കാർബൺ മലിന്യത്തിൽ 15.94 ടണ്ണിന്റെ കുറവ് സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും കെഎസ്‌ഇബി റിപ്പോർട്ടിൽ പറയുന്നു.









0 comments