print edition മാനവസ്‌നേഹത്തിന് വീണ്ടും അംഗീകാരം

പ്രതീകാത്മക ചിത്രം
തൃശൂർ: പേരും നാടും അറിയാത്ത മനുഷ്യർക്ക് കരുതലായി രക്തംദാനം ചെയ്‌ത ഡിവൈഎഫ്‌ഐയുടെ സാമൂഹ്യ ഇടപെടലിന് വീണ്ടും പുരസ്‌കാരം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്‌ത സംഘടനയ്‌ക്കുള്ള പുരസ്‌കാരമാണ് തുടർച്ചയായി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റിക്ക് ലഭിക്കുന്നത്. സന്നദ്ധ രക്തദാനത്തിൽ എന്നും മുന്നിലുള്ള ഡിവൈഎഫ്ഐ കൂടുതൽ രക്തം ദാനംചെയ്ത സംഘടന എന്ന ഖ്യാതിയോടെയാണ് പുരസ്‌കാര നേട്ടം സ്വന്തമാക്കിയത്.
2025 ഒക്‌ടോബർ ഒന്നുമുതൽ 2026 ആഗസ്‌ത് 31വരെ 4726 യൂണിറ്റ് രക്തമാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ദാനം ചെയ്‌തത്. ദേശീയ സന്നദ്ധ രക്തദാന ദിനമായ ഒക്ടോബർ ഒന്നിന് കേരള സ്റ്റേറ്റ്ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹികൾ പുരസ്‌കാരം ഏറ്റുവാങ്ങും. പകൽ11ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തിലാണ് പരിപാടി.
ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 2017 മെയ് 16 മുതൽ എല്ലാദിവസവും രക്തം ദാനം ചെയ്യുന്നുണ്ട്. 2026 ആഗസ്‌ത് 10വരെ -66,372 പേർ രക്തം ദാനം ചെയ്‌തു. 237 ക്യാന്പുകൾ സംഘടിപ്പിച്ചു. അന്താരാഷ്‌ട്ര വനിതാദിനത്തിൽ നൂറിലധികം യുവതികൾ രക്തം ദാനം ചെയ്‌തു.
‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ’ ഹൃദയപൂർവം ഡിവൈഎഫ്ഐ എന്ന സന്ദേശവുമായി ദിവസവും മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം ചെയ്യുന്നുണ്ട്. ഇതോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട വില്ലേജ്, മേഖലാ കമ്മിറ്റി പ്രവർത്തകർ ദിവസവും മെഡിക്കൽ കോളേജിൽ രക്തദാനം ചെയ്യുന്നു. ജില്ലയിലെ 18 ബ്ലോക്ക് കമ്മിറ്റികളിലും രക്തദാനസേനയ്‌ക്ക് പ്രത്യേകം ചുമതലക്കാരുണ്ട്. കോവിഡ് കാലത്ത് പോലും 1156 ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്തം ദാനംചെയ്തിരുന്നു.








0 comments