റീക്ലെയ്മ്ഡ് അസാൾട്ട് പേവ്മെന്റ് സാങ്കേതികവിദ്യ പരീക്ഷിക്കും
റോഡ് നിർമാണത്തിന് പുതിയ സാങ്കേതികവിദ്യ; നിർമാണ വസ്തുക്കളുടെ പുനരുപയോഗം വർധിപ്പിക്കും

മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് നിർമാണത്തിന് പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ റീക്ലെയ്മ്ഡ് അസാൾട്ട് പേവ്മെന്റ് (RAP) സാങ്കേതികവിദ്യ നടപ്പിലാക്കാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. റോഡിന്റെ ഉപരിതലം പൊളിച്ചുമാറ്റി പുനരുപയോഗം ചെയ്ത് പുതിയ ഉപരിതലം നിർമ്മിക്കുന്ന സാങ്കേതിക വിദ്യയാണ് റീക്ലെയ്മ്ഡ് അസാൾട്ട് പേവ്മെന്റ് (RAP). പരീക്ഷണ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ കിള്ളിപ്പാലം - പ്രാവച്ചമ്പലം റോഡിലാണ് ഈ പ്രവൃത്തി നടത്തുക. മദ്രാസ് ഐഐടിയിലെ വിദഗ്ധർ, പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർമാർ, കെഎച്ച്ആർഐ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കെഎച്ച്ആർഐ, മദ്രാസ് ഐഐടിയുമായി ചേർന്ന് നടത്തിയ പഠനത്തിൽ റീക്ലെയ്മ്ഡ് അസാൾട്ട് പേവ്മെന്റ് (RAP) സാങ്കേതികവിദ്യ സംബന്ധിച്ച പഠനങ്ങൾ നടത്തിയിരുന്നു. ഇതേത്തുടർന്നാണ് കേരളത്തിലും പദ്ധതി അനുയോജ്യമാകുമെന്ന നിഗമനത്തിൽ എത്തിയത്.
നിർമാണ വസ്തുക്കളുടെ പുനരുപയോഗം വർധിപ്പിക്കുന്ന പദ്ധതിയാണ് ഇത്. അസംസ്കൃത വസ്തുക്കളുടെ ഉപഭോഗം കുറക്കാൻ ഇതിലൂടെ സാധിക്കും. അതോടൊപ്പം പാരിസ്ഥിതിക പ്രശ്നങ്ങളും താരതമ്യേന കുറവാണ്. അധിക സാമ്പത്തിക ബാധ്യതകളില്ലാതെ ദീർഘകാലം ഈട് നിൽക്കുന്ന റോഡുകൾ ഇതിലൂടെ നിർമ്മിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.









0 comments