തൃശൂരിലും കോൺഗ്രസ് വിമതൻ; നേതൃത്വത്തെ ഞെട്ടിച്ച് പത്രിക നൽകി

തൃശൂരിലെ വിമതസ്ഥാനാർഥി ജയപ്രകാശ് പുവത്തിങ്കൽ
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരെ വീണ്ടും വിമതസ്ഥാനാർഥി. തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ വിമതൻ പത്രിക നൽകി. മൂന്നു തവണ കോർപറേഷനിൽ കൗൺസിലറായി പ്രവർത്തിച്ച ജയപ്രകാശ് പുവത്തിങ്കലാണ് പത്രിക നൽകിയത്.
പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന് മാത്രം സ്ഥാനമാനങ്ങൾ നൽകുന്നുവെന്നാണ് ജയപ്രകാശിന്റെ ആരോപണം. തൃശൂർ നിയമസഭാ സീറ്റിലും അത് പ്രകടമായെന്ന് ജയപ്രകാശ് ആരോപിക്കുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചിയ്യാരം സൗത്ത് ഡിവിഷനിൽ നിന്ന് കോർപറേഷനിലേക്ക് ജയപ്രകാശ് മത്സരിച്ചിരുന്നു. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗം ജയപ്രകാശിനെ ആസൂത്രിതമായി പരാജയപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിലും തളിപ്പറമ്പിലുും മങ്കടയിലും യുഡിഎഫ് വിമത സ്ഥാനാർഥികൾ പത്രിക നൽകിയിരുന്നു. കെപിസിസി അംഗവും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന കൊയ്യം ജനാർദ്ദനനാണ് തളിപ്പറമ്പ് മണ്ഡലത്തിൽ സ്വതന്ത്രനായി ശനിയാഴ്‌ച പത്രിക സമർപ്പിച്ചത്. സിപിഐ എം പുറത്താക്കിയ ടി കെ ഗോവിന്ദനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് മത്സരം. അതിനിടെ നേരത്തെ വിമതനായി പത്രിക നൽകുമെന്ന് അറിയിച്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ പിൻവാങ്ങിയതായി അറിയിച്ചുവെന്നും തനിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചതായും കൊയ്യം ജനാർദ്ദനൻ പറഞ്ഞു.
മലപ്പുറം മങ്കടയിൽ മഞ്ഞളാംകുഴി അലിക്കെതിരെ മുസ്ലീംലീഗ് മുൻ മണ്ഡലം പ്രസിഡന്റ് കുന്നത്ത് മുഹമ്മദാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. നേരത്തെ അലിക്കെതിരെ പ്രതിഷേധിച്ചതിന് കുന്നത്ത് മുഹമ്മദിനെ പാർടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ മങ്കടയിൽ യുഡിഎഫ് വോട്ടുകൾ ഭിന്നിക്കുമെന്ന് ഉറപ്പായി. കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാവ് ബോബൻ ജി നാഥ് സ്വതന്ത്രനായി ശനിയാഴ്‌ച പത്രിക സമർപ്പിച്ചു. കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് ബോബൻ മത്സരിക്കുന്നത്.










0 comments