റിപ്പോ നിരക്കിലെ കുറവ് ജനങ്ങളിലേക്ക് എത്താന്‍ തടസ്സമേറെ

കൊച്ചി : പണപ്പെരുപ്പം നിയന്ത്രിക്കാനെന്ന പേരിൽ റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചെങ്കിലും നേട്ടം സാധാരണക്കാരിലേക്ക് എത്താൻ തടസ്സമേറെ. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാലവായ്പയുടെ നിരക്കായ റിപ്പോയാണ് കാൽ ശതമാനം (0.25) കുറച്ചത്. റിപ്പോ കുറഞ്ഞെങ്കിലും ബാങ്കുകളുടെ നയതീരുമാന സമിതികൾ തീരുമാനിച്ചാലേ വായ്പാ പലിശനിരക്ക് കുറയൂ. അതിനാൽ നേട്ടം സാധാരണക്കാരിലേക്ക് എത്താൻ വൈകും. അപ്പോഴേക്കും പുതിയ പണനയ പ്രഖ്യാപനമുണ്ടാകുകയും റിസർവ് ബാങ്ക് നിരക്കിൽ മാറ്റംവരുത്തുകയും ചെയ്തേക്കാം. റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചാൽ ബാങ്കുകൾ തൽക്ഷണം വായ്‌പ പലിശനിരക്ക് വർധിപ്പിക്കാറുണ്ട്. പലപ്പോഴും നിരക്ക് കുറയ്ക്കുമ്പോൾ അതുപോലെ പലിശ കുറയ്ക്കാറില്ല.
ബാങ്കുകൾ നിരക്ക് കുറച്ചാൽത്തന്നെ വായ്പ ഫ്ലോട്ടിങ് നിരക്കിലുള്ളതാണെങ്കിൽമാത്രമേ അത് വായ്പകളിൽ പ്രതിഫലിക്കൂ. അടച്ചുതീരുന്നതുവരെ പലിശയിൽ മാറ്റംവരാത്ത ഫിക്സഡ് നിരക്കിലുള്ള വായ്പയാണെങ്കിൽ റിപ്പോ എത്ര കുറഞ്ഞാലും പലിശ കുറയില്ല. സാധാരണക്കാരുടെ ഭവനവായ്പകൾ ഫിക്സഡ് നിരക്കിലുള്ളതാണെന്ന് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നു.
ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെടുത്തിയാണ് നിലവിൽ പലിശ നിശ്ചയിക്കുന്നത് എന്നതാണ് സാധാരണക്കാർക്ക് വിനയാകുന്ന മറ്റൊരു കാര്യം. അദാനി, അംബാനിമാരുടെ കോടികളുടെ വായ്പകൾ എഴുതിത്തള്ളുന്നവർ ക്രെഡിറ്റ് സ്കോർ കുറവുള്ള സാധാരണക്കാർക്ക് റിപ്പോ കുറയുന്നതിന് അനുസരിച്ച് പലിശ കുറച്ചുകൊടുക്കാൻ താൽപ്പര്യം കാണിക്കില്ല. പലിശയിൽ നിസ്സാര കുറവ് വന്നിരിക്കുന്നതിനാൽ അത് ഇഎംഐയിൽ പ്രകടമാകില്ലെന്നും പകരം, വായ്പയുടെ കാലാവധിയേ കുറയൂവെന്നുമാണ് ബാങ്കുകൾ ഉപയോക്താക്കളോട് പറയുന്നത്.








0 comments