വാവര് ശബരിമല വിശ്വാസത്തിന്റെ ഭാഗം
സംഘപരിവാറിന്റേത് മതസാഹോദര്യം തകർക്കാനുള്ള ശ്രമം

അശ്വതി നാൾ രവിവർമ പ്രദീപ് വർമ
ആർ രാജേഷ്
Published on Sep 24, 2025, 02:37 AM | 2 min read
പന്തളം (പത്തനംതിട്ട)
മതസാഹോദര്യം തകർക്കാനുള്ള ശ്രമമാണ് സംഘപരിവാറിന്റെ ശബരിമല സംരക്ഷണ സംഗമത്തിന്റെ മറവിലുണ്ടായതെന്ന് പന്തളം കൊട്ടാരം കുടുംബാംഗം അശ്വതി നാൾ രവിവർമ പ്രദീപ് വർമ. ചില കാഷായവസ്‌ത്രധാരികളെ മുന്നിൽനിർത്തി വർഗീയ കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു സംഘപരിവാർ. ഇതര സംസ്ഥാനങ്ങളിൽനിന്നും മറ്റും രാഷ്‌ട്രീയ നേതാക്കളെ സംഗമത്തിന് കൊണ്ടുവരിക വഴി ശബരിമലയുടെ വികസനത്തെ അസ്ഥിരപ്പെടുത്തുകയെന്ന ഗൂഢോദ്ദേശ്യവും സംശയിക്കേണ്ടിയിരിക്കുന്നു. തമിഴ്‌നാട് ബിജെപി മുൻ പ്രസിഡന്റിന്റെ പ്രസംഗം ഇതാണ് വെളിവാക്കിയത്.
മതനിരപേക്ഷ ആരാധനമൂർത്തിയായ അയ്യപ്പന്റെ പേര് മതവൈര്യത്തിന് ഉപയോഗിക്കുന്നതിൽ പ്രതിഷേധവും സങ്കടവുമുണ്ട്. പന്തളത്തെ ഭൂരിഭാഗം മുസ്ലിങ്ങൾക്കും കൊട്ടാരവുമായി നല്ല ബന്ധമാണുള്ളത്. സഹോദരങ്ങളെ പോലെയാണ് ഞങ്ങളുടെ ജീവിതം. അതിനെയൊക്കെ മുറിവേൽപ്പിക്കുന്നതാണ് ഇത്തരം നീക്കങ്ങൾ. പന്തളം കൊട്ടാരം കുടുംബത്തിലെ 305 അംഗങ്ങളിൽനിന്ന് സംരക്ഷണ സംഗമത്തിൽ പങ്കാളിയായത് ഒരാൾ മാത്രം.
അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധത്തിന്റെ ഐതിഹ്യം അംഗീകരിച്ചാണ് പന്തളം അയ്യപ്പക്ഷേത്രവും കൊട്ടാരവും ഇക്കാലമത്രയും ശബരിമല തീർഥാടനത്തിന് നേതൃത്വം നൽകിയത്. ആ വാവര്‌സ്വാമിയെ തീവ്രവാദിയും ആക്രമണകാരിയുമാക്കുന്നു. അയ്യപ്പന്റെ സന്തതസഹചാരിയായിരുന്ന വാവരെ പൂജിക്കാൻ കൊള്ളില്ലെന്നൊക്കെയാണ് പ്രചരിപ്പിക്കുന്നത്. ശബരിമല പതിനെട്ടാംപടിയുടെ ആദ്യപടി കയറുന്നത് തന്നെ വാവര്‌സ്വാമിയെ വിളിച്ചാണ്. ശരണംവിളിയിൽനിന്ന് വാവരെ ഒഴിവാക്കാൻ ആർഎസ്‌എസ് ശ്രമം തുടങ്ങിയിട്ട് നാളുകളായി. മണ്ഡല, മകരവിളക്ക് കാലങ്ങളിലടക്കം ആരാധനാലയങ്ങളിലും വീടുകളിലും കയറി വിശ്വാസികളിൽ മതവിദ്വേഷത്തിന്റെ വിത്തുപാകുകയാണ്.
‘വാവർ ചരിത്രം തെറ്റാണെന്നും വാപുരൻ അഥവാ ശിവന്റെ ഭൂതം’ എന്നതാണ് ശരിയെന്നുമൊക്കെ അടിച്ചേൽപ്പിക്കുന്നു. എരുമേലിയിൽ വാപുര സ്വാമി ക്ഷേത്രമെന്ന ആശയം ഇൗ അജൻഡയിൽനിന്ന് ഉടലെടുത്തതാണ്– കൊട്ടാരം മുൻ നിർവാഹകസമിതിയംഗം കൂടിയായ പ്രദീപ് വർമ ദേശാഭിമാനിയോട് പറഞ്ഞു.
പന്തളം കൊട്ടാരം പരാതി നൽകി
സംഘപരിവാർ പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ മതവിദ്വേഷം പ്രചരിപ്പിച്ച ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിക്കെതിരെ പൊലീസിൽ പരാതി. പന്തളം കൊട്ടാരം മുൻ നിർവാഹക സമിതിയംഗം അശ്വതി നാൾ രവിവർമ പ്രദീപ് വർമയാണ് പന്തളം പൊലീസിൽ പരാതി നൽകിയത്.
അയ്യപ്പന്റെ സന്തതസഹചാരിയായ വാവര് സ്വാമിയെ മുസ്ലീം തീവ്രവാദിയും ആക്രമണകാരിയുമായാണ് ശാന്താനന്ദ ചിത്രീകരിച്ചത്. കേരളത്തിലെ ഹിന്ദു– മുസ്ലിം സൗഹാർദം തകർക്കാനുള്ള ബോധപൂർവ ശ്രമമാണിത്.
വിശ്വാസം വ്രണപ്പെടുത്തൽ, മതവിഭാഗങ്ങൾക്കിടയിൽ സ്‌പർധയുണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
ആഗോള അയ്യപ്പസംഗമം ചരിത്രവിജയം
നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കും: ദേവസ്വം ബോർഡ്
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം ചരിത്രവിജയമാണെന്ന് ബോർഡ് യോഗം വിലയിരുത്തി. ശബരിമലയെ ആഗോള തീർഥാടനകേന്ദ്രമാക്കി മാറ്റാനുള്ള ക്രിയാത്മകമായ നിർദേശങ്ങളാണ് ഉയർന്നത്. ഈ നിർദേശങ്ങൾ പരിശോധിച്ച് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ സമയബന്ധിതമായി നടപ്പാക്കും.
ശബരിമല ഉയർത്തിപ്പിടിക്കുന്ന മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു സംഗമം. തത്ത്വമസി എന്ന ഉദാത്ത സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കുന്നതിന് സംഗമം സഹായകമാകും. ശബരിമലയുടെ പേരിൽ വിദ്വേഷ പ്രചരാണം നടത്തുന്നവരെ ജനങ്ങൾ ഒറ്റപ്പെടുത്തി എന്നതാണ് അയ്യപ്പസംഗമത്തിന്റെ വിജയം സൂചിപ്പിക്കുന്നത്. സംഗമം ചരിത്രവിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ എ അജികുമാർ, പി ഡി സന്തോഷ്‌കുമാർ എന്നിവർ നന്ദി അറിയിച്ചു.
അയ്യപ്പസംഗമം പ്രതിപക്ഷത്തെ ആശങ്കപ്പെടുത്തി : സജി ചെറിയാൻ
ആഗോള അയ്യപ്പസംഗമം കോൺഗ്രസിനെയും ബിജെപിയെയും ആശങ്കപ്പെടുത്തിയെന്ന് മന്ത്രി സജി ചെറിയാൻ. യുഡിഎഫിന് അയ്യപ്പസംഗമം നടത്താൻ ശേഷിയില്ല. പന്തളത്ത് നടന്നത് അയ്യപ്പസംഗമമല്ല. ബിജെപിയുടെ സംഗമമാണ്. അവിടെ പറഞ്ഞത് രാഷ്‌ട്രീയമാണ്. പങ്കെടുത്തത് ഭക്തരല്ല, ബിജെപിക്കാരാണെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും ആക്ഷേപിക്കാൻ ശ്രമിച്ചു. ആദിത്യനാഥിന്റെ രാഷ്ട്രീയം അംഗീകരിക്കുന്നവരല്ല ഞങ്ങൾ. സംഗമത്തെപ്പറ്റി എല്ലാ മുഖ്യമന്ത്രിമാർക്കും കത്തയച്ചിരുന്നു. മറുപടി ലഭിച്ചത് വായിച്ചുവെന്നേയുള്ളൂ.
യുഡിഎഫ് ഭരണത്തിൽ ശബരിമലയ്‌ക്കുവേണ്ടി എന്തു ചെയ്‌തു എന്ന് വ്യക്തമാക്കാൻ പ്രതിപക്ഷനേതാവിനെ വെല്ലുവിളിക്കുന്നു. കേന്ദ്രം ഒരു രൂപ പോലും തന്നില്ല. ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്രമന്ത്രിമാരും ഒരു റോഡോ, ശൗചാലയമോ തന്നിട്ടില്ല. അയ്യപ്പനെ രാഷ്‌ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ് യുഡിഎഫും ബിജെപിയുമെന്നും സജി ചെറിയാൻ പറഞ്ഞു.









0 comments