തരൂരിന്‌ തലോടൽ, 
രവിക്ക്‌ ശിക്ഷ

THAROOR PALODE RAVI.png
avatar
ഒ വി സുരേഷ്‌

Published on Jul 28, 2025, 12:34 AM | 1 min read

തിരുവനന്തപുരം: സത്യം പറഞ്ഞതിന്റെ പേരിൽ ഡിസിസി പ്രസിഡന്റ്‌ പാലോട്‌ രവിയെ പുറത്താക്കിയ കോൺഗ്രസ്‌ നേതൃത്വം, നരേന്ദ്രമോദിയെ നിരന്തരം സ്‌തുതിക്കുകയും നെഹ്‌റു കുടുംബത്തിനെതിരെ ലേഖനമെഴുതുകയും ചെയ്‌ത ശശി തരൂരിനോട്‌ വിശദീകരണംപോലും ചോദിക്കാത്തതിനെതിരെ ഒരുവിഭാഗം രംഗത്ത്‌. ആരോ ചോർത്തിയ ഫോൺ സംഭാഷണത്തിന്റെ പേരിൽ പാലോട്‌ രവിക്കെതിരെ നടപടിയെടുത്തത്‌ ശരിയായില്ലെന്നാണ്‌ ഇവരുടെ വാദം.


എൽഡിഎഫ്‌ ഭരണം തുടരും, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ അധോഗതിയായിരിക്കും, കോൺഗ്രസിലുള്ളവർ ഏറെക്കുറെ ബിജെപിയിലെത്തും എന്നൊക്കെയാണ്‌ രവി ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി എ ജലീലിനോട്‌ സംസാരിച്ചത്‌. ഇത്‌ ശരിവയ്‌ക്കുകയാണ്‌ നേതൃത്വത്തിലുള്ളവരിൽ പലരും. ഫോൺ ചോർത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും രവി അനുകൂലികൾ പറയുന്നു.


ശശി തരൂർ ഈയിടെ ലേഖനത്തിൽ അടിയന്തരാവസ്ഥയെയും ഇന്ദിരാഗാന്ധിയെയും സഞ്ജയ്‌ ഗാന്ധിയെയും തള്ളിപ്പറഞ്ഞു. മോദിയുടെ വികസനനയത്തെ നിരന്തരം പ്രശംസിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിദേശ സന്ദർശനം നടത്താനുള്ള എംപിമാരുടെ സംഘത്തിലേക്ക്‌ കോൺഗ്രസ്‌ നൽകിയ പട്ടിക തള്ളി കേന്ദ്രസർക്കാർ ശശി തരൂരിനെ ഉൾപ്പെടുത്തി. സന്ദർശനത്തിലുടനീളം മോദിയെ തരൂർ പ്രശംസിച്ചു. കോൺഗ്രസിന്റെ നയം തള്ളിപ്പറഞ്ഞിട്ടും തരൂരിനോട്‌ ഹൈക്കമാൻഡ്‌ വിശദീകരണം ചോദിച്ചിട്ടില്ല. എന്നാൽ 55 വർഷമായി കോൺഗ്രസ്‌ രാഷ്‌ട്രീയത്തിലുള്ള പാലോട്‌ രവിയെ വിശദീകരണംപോലും ചോദിക്കാതെ ജില്ലാ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ നീക്കി. രവിക്കു പകരം എൻ ശക്തനെ താൽക്കാലിക പ്രസിഡന്റാക്കി. ഒമ്പത്‌ ഡിസിസി പ്രസിഡന്റുമാരെ മാറ്റാൻ ആലോചന നടക്കുന്നുണ്ട്‌. അതിൽപെട്ടയാളാണ്‌ രവിയും. അടുത്ത തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജയസാധ്യത കുറവായതിനാൽ പലരും ഒഴിയാൻ സന്നദ്ധരാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home