print edition റേഷനരി കടത്ത്: പരിശോധനയില്ല; പരസ്‌പരം പഴിചാരൽമാത്രം

തിരുവനന്തപുരം: റേഷനരി കരിഞ്ചന്തയിലെത്തിച്ച് മറിച്ചുവിൽക്കുന്നതിൽ പരിശോധനപോലും നടത്താതെ യുഡിഎഫ് സർക്കാർ. ഉത്തരവാദിത്വം ഭക്ഷ്യസുരക്ഷവകുപ്പിന്റെമാത്രം തലയിലിട്ട് വിഷയത്തിൽനിന്ന് തലയൂരാനാണ് ഭക്ഷ്യമന്ത്രിയുടെ ശ്രമം. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടും പരിശോധന സംബന്ധിച്ച നിർദേശങ്ങളൊന്നും ഭക്ഷ്യവകുപ്പിൽ നിന്നുണ്ടായിട്ടില്ല. ഒറ്റപ്പെട്ട സംഭവമായി ലഘൂകരിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് മന്ത്രിയുടെ നീക്കം.
തമിഴ്‌നാട്ടിലേക്ക് റേഷനരി കടത്തി നിറംമാറ്റി മട്ടയെന്ന പേരിൽ വീണ്ടും കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്ന സംഘങ്ങൾ സജീവമായെന്ന വാർത്തയിലാണ് സർക്കാർ നടപടി വൈകുന്നത്. അരിക്കടത്തിന് കണ്ണടച്ച് നൽകുന്ന റേഷൻ ഇൻസ്‌പെക്‌ടർമാരും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും സംഭവത്തിൽ കുടുങ്ങുമെന്ന പേടിയിലാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്.
എഫ്‌സിഐ ഗോഡൗണുകളിൽനിന്നുള്ള അരിച്ചാക്കുകളിൽ ക്യുആർ കോഡ് സിസ്റ്റമുണ്ടെന്നും പിന്നെങ്ങനെയാണ് അരി കടത്തുക എന്നുമാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തായിട്ടും മന്ത്രി പ്രതികരിച്ചത്. ഗുരുതര വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് റേഷനരിപോലും ലഭ്യമാക്കാനാകാത്ത നിലയിലേക്ക് കാര്യങ്ങളെത്തിക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ ഭരണം.










0 comments