print edition റേഷൻ വിഹിതം വെട്ടൽ: 5.95 ലക്ഷം കുടുംബത്തിന് തിരിച്ചടി


സ്വന്തം ലേഖകൻ
Published on Jun 26, 2026, 11:52 PM | 1 min read
തിരുവനന്തപുരം: അന്ത്യോദയ അന്നയോജന (എഎവൈ) പദ്ധതിയിലുള്ളവരുടെ റേഷൻവിഹിതം വെട്ടിക്കുറയ്‌ക്കുന്ന കേന്ദ്രസർക്കാർ തീരുമാനം കേരളത്തിലെ 5.95 ലക്ഷം കുടുംബത്തെ ദുരിതത്തിലാക്കും. 2013ലെ ഭക്ഷ്യസുരക്ഷാ നിയമത്തിലെ ഭേദഗതിയിൽ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് പ്രസിദ്ധീകരിച്ച കരട് ബിൽ പ്രകാരം മഞ്ഞ കാർഡുള്ളവർക്ക് പ്രതിമാസം ലഭിച്ചിരുന്ന 35 കിലോ സൗജന്യ ഭക്ഷ്യധാന്യത്തിൽ കുറവുവരും.
കുടുംബത്തിന് മാസം 35 കിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുന്നത്. ഭേദഗതിയിലൂടെ ഒരു വ്യക്തിക്ക് ഏഴുകിലോ ഭക്ഷ്യധാന്യമെന്ന നിലയിൽ കുറയും. രണ്ടംഗ കുടുംബാമാണെങ്കിൽ 14 കിലോമാത്രമാകും ലഭിക്കുക. ഒറ്റയടിക്ക് കുറയുന്നത് 21 കിലോ. ഒരാൾക്ക് ഏഴുകിലോ ഭക്ഷ്യധാന്യമെന്ന് നിശ്ചയിക്കുമ്പോഴും ഏഴിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിന് 35 കിലോയിൽ കൂടില്ല. ഏറ്റവും ദരിദ്രകുടുംബങ്ങളാണ് എഎവൈ പരിധിയിൽവരിക. അംഗങ്ങൾ കുറവുള്ള അന്ത്യോദയ കാർഡുടമകൾക്ക് വലിയ തിരിച്ചടിയാകും. ദിവസക്കൂലിക്ക് പണിയെടുക്കുന്നവരും രോഗികളായവരും പ്രായമായവരും അടങ്ങുന്ന വലിയൊരു വിഭാഗം കുടുംബങ്ങളുടെ പ്രധാന ആശ്രയമാണ് മഞ്ഞ കാർഡിലൂടെ ലഭിക്കുന്ന റേഷൻ. 2016 നവംബറിലാണ് കേരളത്തിൽ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്‌എസ്‌എ) പ്രാബല്യത്തിലായത്. 2016–-17-ൽ 5.96 ലക്ഷം എഎവൈ കാർഡുകളുണ്ടായിരുന്നു.









0 comments