സ്‌കൂൾ യൂണിഫോം വിതരണം പാതിവഴിയിൽ

സ്വന്തം ലേഖകൻ
Published on Jun 27, 2026, 12:48 AM | 1 min read
കൊല്ലം
ജില്ലയിൽ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികൾക്കുള്ള യൂണിഫോം വിതരണം പാതിവഴിയില്‍. സ്‌കൂള്‍ തുറന്നു മൂന്നാഴ്ച പിന്നിടുമ്പോഴും എല്ലാ കുട്ടികള്‍ക്കും യൂണിഫോം എത്തിക്കാന്‍ വിദ്യഭ്യാസ വകുപ്പിന് കഴിയുന്നില്ല. ഭൂരിപക്ഷം സ്‌കൂളുകളിലും യൂണിഫോം ഇതുവരെ എത്തിയിട്ടില്ല. എത്തിയ ചിലയിടങ്ങളില്‍ അനുവദിച്ച തുണിയുടെ അളവില്‍ കുറവുണ്ടെന്ന് വിതരണ ചുമതലയുള്ള അധ്യാപകര്‍ പറയുന്നു. കൈത്തറി യൂണിഫോമായതിനാല്‍ തുണി നിര്‍മാണവും വിതരണവും സംസ്ഥാന കൈത്തറി വകുപ്പ് മുഖേനയാണ് നടത്തുന്നത്. കൈത്തറി സഹകരണ സംഘങ്ങള്‍ക്കു കൃത്യമായി പണം നല്‍കാത്തതിനാല്‍ ഉണ്ടായ പ്രതിസന്ധിയാണിത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെല്ലാം കടകളില്‍നിന്ന് യൂണിഫോം വാങ്ങേണ്ട ഗതികേടിലാണിപ്പോൾ. സാധാരണ ഏപ്രില്‍, മെയ് മാസങ്ങളിൽ സ്‌കൂളുകളില്‍ യൂണിഫോമിനുള്ള തുണി എത്തിക്കാറുണ്ട്. എന്നാലേ ഇത് യഥാസമയം തയ്‌ച്ചു കിട്ടൂ. അതിനായി കുട്ടികളുടെ യൂണിഫോം സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിന് ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൈത്തറി സ്‌കൂള്‍ യൂണിഫോം നല്‍കുന്ന കുട്ടികളുടെ എണ്ണം, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും തിരിച്ച് കളര്‍കോഡ് അടിസ്ഥാനത്തില്‍ തുണിയുടെ അളവ് തുടങ്ങിയ വിവരങ്ങളാണ് വിദ്യാഭ്യാസ വകുപ്പിന് ലഭ്യമാക്കേണ്ടത്. ഇതെല്ലാം കൃത്യമായി സ്‌കൂളുകളില്‍നിന്ന് അധ്യാപകര്‍ ചെയ്തിരുന്നു. എന്നാല്‍, യൂണിഫോം വിതരണം മാത്രം കൃത്യമായി നടപ്പായില്ല. സാധാരണ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒരാഴ്ചവരെ കുട്ടികള്‍ക്ക് യൂണിഫോമിന് ഇളവ് നല്‍കാറുണ്ട്. അതുകഴിഞ്ഞാല്‍ യൂണിഫോം ധരിച്ചു വേണം എത്താന്‍. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഇപ്പോള്‍ സാധിക്കുന്നില്ലെന്നു പ്രധാനാധ്യാപകര്‍ പറയുന്നു. മൂന്നും നാലും ഘട്ടങ്ങളായാണ് പലപ്പോഴും സ്‌കൂളുകളിലേക്കുള്ള യൂണിഫോം ലഭിക്കുന്നത്. ചിലയിടത്ത് ആണ്‍കുട്ടികൾക്ക് ഷര്‍ട്ടിനുള്ള തുണികള്‍ മാത്രം ആദ്യം എത്തിച്ചു. പെണ്‍കുട്ടികള്‍ക്കുള്ള തുണികള്‍ ഇതുവരെയും എത്തിയില്ല. ഷര്‍ട്ടിനുള്ള തുണിയാണ് ആദ്യം എത്തിക്കുന്നതെങ്കില്‍ ട്രൗസറിനുള്ള തുണികള്‍ പിന്നീട് എപ്പോഴെങ്കിലുമെ കിട്ടൂ. പെണ്‍കുട്ടികളുടെ ഷര്‍ട്ടിങ്ങിനുള്ള തുണികളും ഇതേ അവസ്ഥയിലാണ് ലഭിക്കുന്നത്.










0 comments