സ്‌കൂട്ടർ തടഞ്ഞ് 28 ലക്ഷം കവർന്ന പ്രതികൾ പിടിയിൽ


സ്വന്തം ലേഖകൻ
Published on Jun 27, 2026, 01:55 AM | 2 min read
ഹരിപ്പാട്
പണയ സ്വർണമെടുക്കുന്നതിന് വിളിച്ചുവരുത്തിയ ആളെ സ്‌കൂട്ടർ തടഞ്ഞ് മുഖത്ത് മുളകുപൊടി വിതറി ബാഗിലുണ്ടായിരുന്ന 28.23 ലക്ഷം രൂപയും 22 ഗ്രാം സ്വർണാഭരണവും തട്ടിയെടുത്ത മൂന്നംഗ സംഘത്തെ തൃക്കുന്നപ്പുഴ പൊലീസ് പിടികൂടി. കോട്ടയം കടപ്പൂർ വട്ടുകുളം എർത്തയിൽ അനീഷ് ജെയിംസ് (22), മീനച്ചിൽ കിടങ്ങൂർ തോട്ടമാടയിൽ ശ്രീജിത്ത് ബെന്നി (27), ചേർത്തല കഞ്ഞിക്കുഴി എസ്എൽ പുരം തിരുവാതിരയിൽ അരവിന്ദ് (27) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ വണ്ടാനം തെക്കേ ചെല്ലപ്പള്ളിൽ നസറുൾ ഇസ്ലാം (53) ആണ് അക്രമത്തിനിരയായത്. വെള്ളി പകൽ രണ്ടോടെ തൃക്കുന്നപ്പുഴ വലിയഴീക്കൽ തീരദേശ റോഡിൽ ആറാട്ടുപുഴ കുടുംബാരോഗ്യ കേന്ദ്രത്തിനും എ കെ ജി നഗറിനുമിടയിലാണ് സംഭവം. പണം തട്ടിയെടുത്ത് സ്‌കൂട്ടറിൽ കടന്ന സംഘത്തെ ജങ്കാർ കടവിൽവച്ചാണ് പൊലീസ് പിടികൂടിയത്. കുടിശ്ശികയായ പണയ ആഭരണം എടുത്ത് വിൽപ്പന നടത്തുന്ന ആളായ നസറുൾ ഇസ്ലാമിനോട് ബിസിനസ് പങ്കാളിയായിരുന്ന അരവിന്ദിനുള്ള മുൻവൈരാഗ്യമാണ് അക്രമത്തിനുകാരണം. അരവിന്ദ് സുഹൃത്തായ അനീഷ് ജെയിംസിനെ ഉപയോഗിച്ചാണ് നസറുൾ ഇസ്ലാമിനെ വിളിച്ചുവരുത്തിയത്. കാർത്തികപ്പള്ളിയിലുള്ള ധനശ്രീ എന്ന പണമിടപാട് സ്ഥാപനത്തിൽ 16 ലക്ഷം രൂപയുടെ സ്വർണം പണയം വച്ചിട്ടുണ്ടെന്നും അതെടുത്ത് വിൽപ്പന നടത്താൻ സഹായിക്കണമെന്നും അറിയിച്ചതനുസരിച്ച് പണവുമായി നസറുൾ സ്‌കൂട്ടറിൽ തോട്ടപ്പള്ളിയിലെത്തി. അവിടെ കാത്തുനിന്ന അനീഷ് ജെയിംസ് അദ്ദേഹത്തിനൊപ്പം സ്‌കൂട്ടറിൽ കയറി. അരവിന്ദനും ശ്രീജിത്ത് ബെന്നിയും മറ്റൊരു സ്‌കൂട്ടറിൽ പിന്തുടർന്നു. ആറാട്ടുപുഴ കുടുംബാരോഗ്യ കേന്ദ്രം കഴിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ പിന്നാലെ വന്ന അരവിന്ദനും ശ്രീജിത്തും സ്‌കൂട്ടർ തടഞ്ഞ് മുഖത്ത് മുളകുപൊടി വിതറി ബാഗ് തട്ടിയടുത്ത് രക്ഷപ്പെട്ടു. സംഭവസ്ഥലത്തെത്തിയ പതിയാങ്കര മുത്തേരിൽ സ്വദേശി സൂർജിത്ത് ആണ് പ്രതികൾ വടക്കുഭാഗത്തേക്ക് പോയതായി പൊലീസിനെ അറിയിച്ചത്. തുടർന്ന് റോഡിൽ കാത്തുനിന്ന പൊലീസ് ജങ്കാർ കടവിൽവച്ച് മൂവരെയും പിടികൂടി. ബിസിനസ് നടത്തിയ വകയിൽ അരവിന്ദ് നസറുളിന് പണം കൊടുക്കാനുണ്ടായിരുന്നു. അരവിന്ദന്റെ കാറും ബൈക്കും പണം തരാതെ തിരികെ കൊടുക്കില്ലെന്നു പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് അക്രമം. ശ്രീജിത്ത് ബെന്നി കാപ്പാ കേസിൽ പ്രതിയാണ്. വൈക്കത്ത് ക്ഷേത്രത്തിൽ പൂജാരിയായിരുന്ന അരവിന്ദിനെതിരെ മോഷണക്കേസുണ്ട്. അനീഷ് പോക്‌സോ കേസിൽ പ്രതിയാണ്. ജയിൽവാസത്തിനിടെയാണ് ഇവർ പരിചയപ്പെട്ടത്.









0 comments